വാഷിങ്ടൺ: ഇന്ത്യക്കാരായ ദമ്പതിമാരെയും ആറു വയസുള്ള മകനേയും യുഎസിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകൻ യഷ് എന്നിവരാണ് മരിച്ചത്.
മെറിലാൻഡിലെ വീടിനുള്ളിലാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയേയും മകനേയും വെടിവച്ചു കൊന്നതിനു ശേഷം യോഗേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദാവൻഗരെ സ്വദേശികളായ ദമ്പതികൾ സോഫ്‌റ്റ്‌വെയർ എൻജിനീയർമാരാണ്. യോഗേഷ് ഒൻപത് വർഷമായി യുഎസിൽ ജോലി നോക്കുകയാണ്. ബാൾട്ടിമോർ പൊലീസാണു സംഭവം അറിയിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറഞ്ഞെന്നും കർണാടകയിലെ ബന്ധുക്കൾ പ്രതികരിച്ചു.