Share this Article
ചന്ദ്രനില്‍നിന്ന് പുറത്തുവിട്ട ആദ്യചിത്രം,'ചന്ദ്രനിലെ ചായയടി'; നടന്‍ പ്രകാശ് രാജിനെതിരെ കേസ്
വെബ് ടീം
posted on 22-08-2023
1 min read
case filed against Prakash Raj for Chandrayan 3

ബംഗളൂരു: ചന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമത്തില്‍ വിവാദ പോസ്റ്റിട്ടതിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരെ കേസ്. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ  ബനഹട്ടി പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. ഹിന്ദു സംഘടന നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍നിന്ന് പുറത്തുവിട്ട ആദ്യചിത്രം എന്ന അടിക്കുറിപ്പോടെയാണ് കൈലിമുണ്ടും ഷര്‍ട്ടും ധരിച്ച് ചായ അടിക്കുന്ന വ്യക്തിയുടെ കാരിക്കേച്ചര്‍ പ്രകാശ് രാജ് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഇതിനെ വിമര്‍ശിച്ച് ഒട്ടേറെപ്പേരാണ് സാമൂഹികമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. രാഷ്ട്രീയത്തിനതീതമായി ചന്ദ്രയാന്‍-3 ദൗത്യം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമാണെന്നും ചാന്ദ്രദൗത്യത്തിനുപിന്നിലുള്ള ശാസ്ത്രജ്ഞരോട് ബഹുമാനം കാട്ടണമെന്നും അഭിപ്രായമുയര്‍ന്നു. രാജ്യത്തെ വെറുക്കുന്നതും ഒരു വ്യക്തിയെ വെറുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നായിരുന്നു മറ്റുപലരുടെയും അഭിപ്രായം.  അതിനിടെ പ്രകാശ് രാജിന്റെ പോസ്റ്റിനെ ന്യായീകരിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.

മോദിയുടെ ബിജെപിയുടെയും രൂക്ഷവിമര്‍ശകനാണ് പ്രകാശ് രാജ്. 

എവിടെച്ചെന്നാലും ഒരു മലയാളി കാണുമെന്നും ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ നീല്‍ ആംസ്ട്രോങ്ങിനെ വരവേറ്റത് മലയാളി ചായക്കടക്കാരനാണെന്നുമുള്ള പഴയ തമാശ അടിസ്ഥാനമാക്കിയായിരുന്നു തന്റെ പോസ്റ്റ് എന്നാണ് പ്രകാശ് രാജിന്റെ വിശദീകരണം. 'ആ ചിത്രം കേരളത്തിലെ ചായവില്‍പ്പനക്കാരന്‍ ആണെന്നും പറഞ്ഞത് നീല്‍ ആംസ്‌ട്രോങിന്റെ കാലത്തുള്ള തമാശയാണെന്നും പ്രകാശ് രാജ് പറഞ്ഞു. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ അതിനുള്ളതേ കാണൂ. ഒരു തമാശപോലും മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളാണ് ഏറ്റവും വലിയ തമാശ'- പ്രകാശ് രാജ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories