Share this Article
നടിയെ ആക്രമിച്ച കേസ്: അമിക്കസ് ക്യൂറിയെ ഹൈക്കോടതി മാറ്റി
വെബ് ടീം
posted on 23-08-2023
1 min read
actress assult case: AMICUS CURIAE RANJITH MARAR  WAS REPLACED

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിയോഗിച്ച അമിക്കസ് ക്യൂറിയെ ഹൈക്കോടതി മാറ്റി. അഡ്വ. രഞ്ജിത്ത് മാരാരെയാണ് അമിക്കസ് ക്യൂറി സ്ഥാനത്തു നിന്നും മാറ്റിയത്.  ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ കേസിൽ കോടതിയെ സഹായിക്കാനായി കഴിഞ്ഞ ദിവസമാണ് രഞ്ജിത്ത് മാരാരെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. 

രഞ്ജിത്ത് മാരാര്‍ക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അഡ്വ. രഞ്ജിത്ത് മാരാരും ദിലീപും തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചിരുന്നു. ഇത് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.

കൂടാതെ രഞ്ജിത്ത് മാരാരും ദിലീപും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടെന്നും, ദിലീപിന്റെ പക്കല്‍ നിന്നും രഞ്ജിത്ത് മാരാര്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതു സംബന്ധിച്ച രേഖകള്‍ കോടതിക്ക് കൈമാറി. ഈ സാഹചര്യത്തില്‍ രഞ്ജിത് മാരാര്‍ അമിക്കസ് ക്യൂറിയായി തുടരുന്നത് നിഷ്പക്ഷമാകില്ലെന്നും പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടു. 

തനിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അമിക്കസ് ക്യൂറി സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് മാരാരും കോടതിക്ക് കത്ത് നല്‍കിയിരുന്നു. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മെമ്മറി കാര്‍ഡ് ആരോ അനധികൃതമായി തുറന്നുവെന്നും, ഹാഷ് വാല്യു മാറിയതില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories