തിരുവനന്തപുരം: ഓണാഘോഷത്തിനിടെ കുട്ടിയെ ബോണറ്റിലിരുത്തി ജീപ്പ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. കഴക്കൂട്ടം പുതുവല്‍ സ്വദേശി ഹരികുമാറിനെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. രൂപമാറ്റം വരുത്തിയ ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജീപ്പ് കഴക്കൂട്ടം മേനംകുളം വാടിയില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവസമയത്ത് ജീപ്പിലുണ്ടായിരുന്ന കുട്ടിയുടെ അച്ഛനെയും കേസില്‍ പ്രതിചേര്‍ക്കുമെന്നും പോലീസ് അറിയിച്ചു. അതിനിടെ, രൂപമാറ്റം വരുത്തിയ ജീപ്പിന്റെ ഫിറ്റ്‌നസ് റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് ആരംഭിച്ചു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കങ്ങളും തുടങ്ങി.
തിരുവോണദിവസം വൈകിട്ടാണ് രൂപമാറ്റം വരുത്തിയ ജീപ്പിന്റെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി സാഹസികയാത്ര നടത്തിയത്. ഓണാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു കുട്ടിയെ ബോണറ്റിലിരുത്തി അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ഡ്രൈവറെ പിടികൂടുകയുമായിരുന്നു.