Share this Article
മുഖ്യമന്ത്രിക്ക് ഇന്ന് നാൽപ്പത്തിനാലാം വിവാഹ വാർഷികം, ആശംസകളുടെ പ്രവാഹം
വെബ് ടീം
posted on 02-09-2023
1 min read
PINARAYI VIJAYAN WEDDING ANNIVERSERY

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നാൽപ്പത്തിനാലാം വിവാഹ വാർഷികം ഇന്ന്. മകൾ വീണയുടെ ഭർത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ഉൾപ്പെടെ നിരവധി പേരാണ് മുഖ്യമന്ത്രിയ്ക്ക് ആശംസകൾ അറിയിച്ചത്.ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിവാഹ വാര്‍ഷികത്തിന്‍റെ കാര്യം  റിയാസ് പങ്കുവച്ചത്.  അധികം വൈകാതെ ചിത്രം വൈറലായി.അദ്ദേഹത്തിന്റെ വിവാഹ ക്ഷണക്കത്തും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

1979 സെപ്തംബർ രണ്ടിനാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയെ പിണറായി വിവാഹം കഴിച്ചത്. തലശ്ശേരിയിലെ സെന്റ് ജോസഫ്‌സ് സ്കൂളിലെ അദ്ധ്യാപികയായിരുന്നു കമല. കൂത്തുപറമ്പ് എം എൽ എയും സിപിഐഎം  കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയി പ്രവർത്തിക്കുമ്പോഴായിരുന്നു വിവാഹം.അടിയന്തരാവസ്ഥയിലെ 19 മാസം നീണ്ട ജയില്‍വാസത്തിനും കൊടിയ പീഡനങ്ങള്‍ക്കും ശേഷം പുറത്തിറങ്ങി രണ്ടര വര്‍ഷം കഴിഞ്ഞായിരുന്നു വിവാഹം.

അടിയന്തരാവസ്ഥയില്‍ പോലീസില്‍ നിന്നു നേരിടേണ്ടിവന്ന ക്രൂരമായ പീഡനത്തിന്റെ അടയാളമായി ചോര പുരണ്ട ഷര്‍ട്ട് ഉയര്‍ത്തിക്കാട്ടി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പരിവേഷത്തിലായിരുന്നു അന്നു പിണറായി. ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആവേശകരമായ പ്രസംഗം നാടെങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂത്തുപറമ്പ് എം എല്‍ എയും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗവുമായിരുന്നു അന്ന് അദ്ദേഹം.

അന്നു സിപിഐഎം  കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ ചടയന്‍ ഗോവിന്ദനായിരുന്നു കല്ല്യാണത്തിന് കത്തടിച്ച് അതിഥികളെ ക്ഷണിച്ചത്. വര്‍ഷങ്ങള്‍കഴിഞ്ഞു ചടയന്റെ വേര്‍പാടിനു പിന്നാലെയാണു പിണറായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകുന്നത്.

തലശ്ശേരി ടൗണ്‍ ഹാളില്‍ നടന്ന വിവാഹത്തില്‍ അതിഥികള്‍ക്ക് നല്‍കിയത് ചായയും ബിസ്‌കറ്റുമായിരുന്നു. പരസ്പരം മാലയിട്ടായിരുന്നു വിവാഹം.

മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരായിരുന്നു മുഖ്യ കാര്‍മികന്‍. എം വി രാഘവന്‍ ഉള്‍പ്പെടെ അന്നത്തെ സിപിഐഎം നേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories