തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളു ഷാപ്പ് ലേലം ഓണ്‍ലൈന്‍ വഴിയാക്കി ഉത്തരവിറങ്ങി. ഈ മാസം 13 വരെ അപേക്ഷിക്കാം. കലക്ടറുടെ സാന്നിധ്യത്തില്‍ നേരിട്ടായിരുന്നു ഇതുവരെ ലേലം നടന്നിരുന്നത്.
5170 ഷാപ്പുകളാണ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം നടത്തുന്നത്. ഒരു ഗ്രൂപ്പില്‍ അഞ്ചു മുതല്‍ ഏഴു വരെ ഷാപ്പുകള്‍ ഉണ്ടാകും. ഓരോന്നിന്റെയും വാടക നിശ്ചയിച്ചിട്ടുണ്ട്.
ഒന്നിലധികം പേര്‍ ഒരു ഷാപ്പിനായോ, ഗ്രൂപ്പിനായോ അപേക്ഷിക്കുകയാണെങ്കില്‍ നറുക്കെടുപ്പിലൂടെയാകും ഉടമയെ തീരുമാനിക്കുക. സംസ്ഥാനത്ത് ഇതാദ്യമായാണ് ഓണ്‍ലൈന്‍ വഴി കള്ളുഷാപ്പുകള്‍ ലേലം നടത്തുന്നത്.
നേരത്തെ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം നടത്തുമ്പോള്‍, ഷാപ്പുകള്‍ വാങ്ങാനെത്തുന്നവര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പങ്കിട്ടെടുക്കുന്നു തുടങ്ങിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക സോഫ്റ്റ് വെയർ തയ്യാറാക്കി ലേലം ഓണ്‍ലൈനാക്കിയത്.