Share this Article
കത്ത് തനിക്ക് കൈമാറിയത് ശരണ്യ മനോജ്,പുറത്തുംവിടും മുമ്പ് പിണറായിയെ കണ്ടിരുന്നു,യുഡിഎഫ് ആഭ്യന്തര മന്ത്രിമാര്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നീങ്ങിയെന്ന് ദല്ലാള്‍ നന്ദകുമാര്‍; ആരോപണങ്ങൾ തമാശയായി കാണുന്നെന്ന് തിരുവഞ്ചൂർ
വെബ് ടീം
posted on 13-09-2023
1 min read
DELLAL NANDAKUMAR ON SOLAR LETTER AND REACTION OF THIRUVANCHUR

കൊച്ചി: സോളാര്‍ ഗൂഡാലോചനയില്‍ വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍. ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്ന സോളാര്‍ പരാതിക്കാരിയുടെ കത്ത് തനിക്ക് കൈമാറിയത് കെബി ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യമനോജ് ആണെന്ന് ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. സിപിഎം നേതാക്കളായ വിഎസ് അച്യുതാന്ദനെയും പിണറായി വിജയനെയും കാണിച്ചതിനുശേഷമാണ് കത്ത് പുറത്തുവിടുന്നതിന് ചാനലിന് കൈമാറിയതെന്ന് നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

2016 ഫെബ്രുവരി മാസം സോളാര്‍ തട്ടിപ്പിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിക്ക് എഴുതിയ കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ തന്നോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ശരണ്യമനോജിനെ ഫോണില്‍ ബന്ധപ്പെടുകയും എറണാകുളത്ത് എത്തി ഉമ്മന്‍ചാണ്ടിയുടെ പേരുള്ള 25 പേജും, 19 പേജും ഉള്ള കത്തുകള്‍ തന്നു. ഇത് വിഎസിന് നല്‍കുകയും അദ്ദേഹം അത് പലകുറി വായിക്കുകയും ചെയ്തു. ഈ കത്തുമായി ബന്ധപ്പെട്ട് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു. 2016 ഇലക്ഷന്‍ സമയത്തായിരുന്നു കൂടിക്കാഴ്ച. അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത് തന്നെ ഇറക്കിവിട്ടുവെന്നാണ്. കടക്ക് പുറത്തെന്ന് മാത്രം തന്നോട് പറഞ്ഞിട്ടില്ലെന്ന് നന്ദകുമാര്‍ പറഞ്ഞു. 

അതിനുശേഷമാണ് കത്ത് ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് നല്‍കുന്നത്. ഒരു സാമ്പത്തികവും വാങ്ങിയല്ല കത്ത് നല്‍കിയത്. ഈ കത്ത് നല്‍കിയതിന് തന്നില്‍ നിന്ന് 1, 25000 രൂപ കൈപ്പറ്റി. പരാതിക്കാരിയും ശരണ്യമനോജും തന്നെ കാണാനായി എറണാകുളം ശിവക്ഷേത്രം കോമ്പൗണ്ടില്‍ വന്നപ്പോള്‍ പറഞ്ഞത് ബെന്നി ബഹന്നാനും തമ്പാനൂര്‍ രവിയും അന്‍പതിനായിരം രൂപ നല്‍കാമെന്ന് പറഞ്ഞ് അമ്മയുടെ ചികിത്സയ്ക്കായി മണിക്കൂറുകള്‍ നിര്‍ത്തി എന്നുപറഞ്ഞപ്പോഴാണ് പണം നല്‍കിയത്. അതിനപ്പുറം ഒരു സാമ്പത്തിക ഇടപാടും നടന്നില്ല. 25 പേജുള്ള കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ട്. ഉമ്മന്‍ചാണ്ടി ശാരീരികമായി പീഡിപ്പിച്ചെന്നാണ് കത്തിന്റെ തുടക്കം. ആ കത്ത് പരാതിക്കാരിയുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമെ പ്രസിദ്ധീകരിക്കാവൂ എന്നും ചാനല്‍ റിപ്പോര്‍ട്ടറോട് പറഞ്ഞിരുന്നു. അതിനുശേഷമാണ് കത്ത് പ്രസിദ്ധീകരിച്ചത്.

2016ല്‍ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ മൂന്ന് മാസം കഴിഞ്ഞ് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടു. ഈ പരാതി നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ താന്‍ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല. പരാതിക്കാരിക്ക് സമയവും വാങ്ങി നല്‍കിയിട്ടില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തിന് മുന്നോടിയായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരിയോട് പുതിയ പരാതി എഴുതിവാങ്ങുന്നതില്‍ തനിക്ക് യാതൊരുവിധ പങ്കും ഇല്ല. യുഡിഎഫിന്റെ ഭാഗമായിരുന്ന രണ്ട് ആഭ്യന്തരമന്ത്രിമാര്‍ മുഖ്യമന്ത്രിയാകാന്‍ കൊതിച്ചതിന്റെ പരിണിത ഫലമാണ് ഉമ്മന്‍ചാണ്ടി തോജോവധത്തിന് വിധേയമായതെന്നും നന്ദകുമാര്‍ പറഞ്ഞു.ഉമ്മന്‍ ചാണ്ടി തനിക്കെതിരെ രണ്ട് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടയാളാണെന്നും നന്ദകുമാര്‍ പറഞ്ഞു.

അതേ സമയം മുഖ്യമന്ത്രിയും ദല്ലാളും പറഞ്ഞു തീർക്കട്ടെയെന്നു കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങളെ തമാശയായിട്ടാണ്‌ കാണുന്നതെന്നും മുൻ ആഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂർ പ്രതികരിച്ചു  


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories