ടൊറന്റോ: കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു. ഖലിസ്ഥാന്‍ ഭീകരവാദി അര്‍ഷ്ദീപ് സിങ്ങിന്റെ അനുയായി സുഖ ദുന്‍കെയാണ് കൊല്ലപ്പെട്ടത്. വിന്നിപെഗ് നഗരത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് മരണം.
ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയായിരുന്നു ഇദ്ദേഹം. കാനഡയില്‍ നിന്നു വിട്ടുതരണമെന്നാവശ്യപ്പെട്ടവരുടെ ലിസ്റ്റില്‍ സുഖ ദുന്‍കെയുടെ പേരും ഉണ്ടായിരുന്നു. കള്ളപാസ്‌പോര്‍ട്ടിലാണ് ഇയാള്‍ പഞ്ചാബില്‍ നിന്ന് കാനഡയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിന് പിന്നാലെയാണ് രണ്ടാമതൊരു കൊലപാതവും കാനഡയിലുണ്ടാകുന്നത്. ഖലിസ്ഥാൻ അനുകൂല സംഘടനകൾ തമ്മിലുള്ള തർക്കവും സംഘർഷവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകം രണ്ട് മാഫിയ ഗ്യാങ്ങുകൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. എന്നാൽ കൊലപാതകത്തിന് ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്ററിൻ ട്രൂഡോയുടെ പ്രസ്താവന. ഇതാണ് കാനഡ ഇന്ത്യ ബന്ധത്തിൽ വിള്ളൽവീഴ്ത്തുന്ന നിലയിലേക്ക് എത്തിയത്.