തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനെതിരെ കൈക്കൂലി വാങ്ങിയതായി പരാതി. എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിന് മന്ത്രിയുടെ സ്റ്റാഫ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും ഒന്നേ മൂക്കാല്‍ ലക്ഷം രൂപ നല്‍കിയതായും പരാതിക്കാരന്‍ പറഞ്ഞു. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നല്‍കിയത്.
ഇടനിലക്കാരന്‍ പത്തനംതിട്ട സ്വദേശി അഖില്‍ സജീവാണെന്നും ഇയാള്‍ സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറിയാണെന്നും പരാതിയില്‍ പറയുന്നു. അതേസമയം, അഖില്‍ മാത്യു പണം വാങ്ങിയിട്ടില്ലെന്നും പരാതി അന്വേഷിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടതായും ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. മന്ത്രിയുടെ ഓഫിസ് നല്‍കിയ പരാതി ഡിജിപിയുടെ ഓഫിസ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറി. കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം നടത്തും.
സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നുള്ളതുള്‍പ്പടെ അന്വേഷിക്കുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. 'ഇതു സംബന്ധിച്ച പരാതി ആദ്യം വാക്കാല്‍ ഒരാള്‍ വന്നു പ്രൈവറ്റ് സെക്രട്ടറിയോട് പറയുകയാണ് ചെയ്തത്. അത് അറിഞ്ഞപ്പോള്‍ തന്നെ രേഖാമൂലം പരാതി എഴുതി വാങ്ങിക്കാന്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പഴ്‌സനല്‍ സ്റ്റാഫിനോട് വിശദീകരണം ആവശ്യപ്പെടുകയും അത് നല്‍കുകയും ചെയ്തു. തനിക്കെതിരെ ഉയര്‍ന്ന ആരോപണം തെറ്റാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ തന്നെ അയാള്‍ വിശദീകരിക്കുകയുണ്ടായി.തുടര്‍ന്ന് സമഗ്രമായ അന്വേഷണത്തിനായി പരാതി പൊലീസിനു കൈമാറി.
ഇതില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട്, എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടണമെന്ന് പഴ്‌സനല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അദ്ദേഹം അതിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. താന്‍ ചെയ്യാത്ത കാര്യമാണ് തനിക്കു മേല്‍ ആരോപിക്കപ്പെട്ടതെന്ന് പഴ്‌സനല്‍ സ്റ്റാഫംഗം പറയുന്നതിനാല്‍, അതും ഒരു പരാതിയായി നല്‍കണമെന്ന് പഴ്‌സനല്‍ സ്റ്റാഫിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ആരെങ്കിലും ഇതില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനനുസരിച്ച് നടപടിയുണ്ടാകും' വീണാ ജോര്‍ജ് പറഞ്ഞു.