കൊച്ചി: എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേരു നല്‍കണമെന്ന് കൊച്ചി കോര്‍പ്പറേഷനിൽ പ്രമേയം. പ്രമേയത്തിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. പേരുമാറ്റലിലെ ബിജെപി രീതി ഇടതുപക്ഷവും പിന്തുടരുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍പ്പറേഷന്‍ യോഗത്തിലാണ്, എറണാകുളം സൗത്ത് സ്‌റ്റേഷന് കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവര്‍മന്റെ പേര് ഇടണമെന്ന പ്രമേയം മുന്നോട്ടു വെച്ചത്. തീരുമാനം ഒറ്റക്കെട്ടായാണെന്നും, പ്രതിപക്ഷത്തിന് മാത്രമാണ് ആശയക്കുഴപ്പമെന്നും മേയര്‍ അനില്‍കുമാര്‍ പറഞ്ഞു. എറണാകുളം റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം പുരോഗമിക്കുകയാണ്.
ഇതോടൊപ്പമാണ് പേരുകൂടി മാറ്റണമെന്ന നിര്‍ദേശം സിപിഎം ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ മുന്നോട്ടു വെച്ചത്. ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍വേ നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കിയത് രാജര്‍ഷി രാമവര്‍മ്മന്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പേരുമാറ്റം നിര്‍ദേശിച്ചത്.
മധ്യകേരളത്തിലെ വികസനത്തിലെ പ്രധാന ചുവടുവെയ്പായിരുന്നു ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍വേ നിര്‍മ്മാണം. തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ 15 തങ്ക നെറ്റിപ്പട്ടങ്ങളില്‍ 14 എണ്ണം വിറ്റു കിട്ടിയ തുക കൊണ്ടാണ് രാജര്‍ഷി രാമവര്‍മ്മന്‍ ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍പ്പാത നിര്‍മ്മിച്ചതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവായ രാജര്‍ഷി രാമവര്‍മ്മന്റെ പേരു നല്‍കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും ഇന്ത്യന്‍ റെയില്‍വേയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ കേന്ദ്രസര്‍ക്കാരും റെയില്‍വേയും അന്തിമ തീരുമാനമെടുക്കും.