Share this Article
കത്വ ഫണ്ട് കേസ് : പരാതി വ്യാജമെന്ന പൊലീസ് റിപ്പോർട്ട് കോടതി തള്ളി, പ്രതികൾക്ക് നോട്ടീസയച്ചു‌
വെബ് ടീം
posted on 16-10-2023
1 min read
KATWA FUND CASE COURT REJECTS POLICE REPORT

കോഴിക്കോട്: കത്വ ഫണ്ട് കേസിൽ യൂത്ത് ലീ​ഗ് നേതാക്കൾക്ക് ക്ലീൻചിറ്റ് നൽകിയുള്ള പൊലീസ് റിപ്പോർട്ട് കോടതി തള്ളി. യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനും സി കെ സുബൈറിനുമെതിരായ പരാതി വ്യാജമാണെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണ റിപ്പോർട്ടിൽ ഉണ്ട്. ഇതാണ് കുന്ദമം​ഗലം കോടതി തള്ളിയത്. പ്രതികൾക്ക് കോടതി നോട്ടീസയയ്ക്കുകയും ചെയ്തു.

കുന്ദമംഗലം കോടതിയിൽ ഇന്നാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. കത്വ പെണ്‍കുട്ടിക്കായി ശേഖരിച്ച തുകയില്‍ 15 ലക്ഷം രൂപ പി കെ ഫിറോസും സി കെ സുബൈറും വകമാറ്റി ചെലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗില്‍ നിന്ന് രാജിവെച്ച യൂസുഫ് പടനിലം ആയിരുന്നു പരാതിക്കാരന്‍. പരാതിയിൽ സി കെ സുബൈര്‍, പി കെ ഫിറോസ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഐപിസി 420 അനുസരിച്ച് വഞ്ചനാകുറ്റമാണ് രജിസ്റ്റർ ചെയ്തിരുന്നത്.

കെ ടി ജലീൽ എംഎൽഎയും മന്ത്രി വി അബ്ദു റഹിമാനും സിപിഐഎം നേതൃത്വവുമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന്, പൊലീസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പി കെ ഫിറോസ് പ്രതികരിച്ചിരുന്നു. നിയമോപദേശം കിട്ടിയ ശേഷം ഗൂഢാലോചനക്കെതിരെയടക്കം പരാതി നൽകുമെന്നും പി കെ ഫിറോസ് പറഞ്ഞിരുന്നു. എന്നാൽ, പരാതി വ്യാജമാണെന്ന പൊലീസ് റിപ്പോർട്ട് ഇപ്പോൾ കോടതി തള്ളിയിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories