വെല്ലിങ്ടണ്‍: പ്രമുഖ ന്യൂസീലന്‍ഡ് ബോഡി ബില്‍ഡറും ഫിറ്റ്നസ് ഇൻഫ്ളുവൻസറുമായ റെയ്ചല്‍ ചെയ്‌സ്(41) അന്തരിച്ചു. ഫിറ്റ്നസ് വീഡിയോയിലൂടെയും മോട്ടിവേഷണല്‍ പോസ്റ്റുകളിലൂടെയും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഫെയ്‌സ്ബുക്കില്‍ 14 ലക്ഷത്തോളം ഫോളവേഴ്‌സ് ഉണ്ടായിരുന്നു. മകളാണ് റെയ്ചലിന്റെ വിയോഗ വിവരം പുറത്തറിയിച്ചത്. എന്നാല്‍ മരണകാരണം കുടുംബാംഗങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സംഭവത്തില്‍ ന്യൂസീലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു.
തങ്ങളുടെ അമ്മ വളരെ അനുകമ്പയുള്ള ആളായിരുന്നുവെന്നും നല്ല ഉപദേശങ്ങള്‍ നല്‍കിയിരുന്നെന്നും മൂത്ത മകള്‍ അന്ന ചെയ്‌സ് പറഞ്ഞു. എല്ലാ പിന്തുണയും ഞങ്ങള്‍ക്ക് നല്‍കിയിരുന്നു. ലോകത്തുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായി. അമ്മയുടെ സ്‌നേഹം ഒരിക്കലും മങ്ങില്ലെന്നും മകള്‍ പറഞ്ഞു.
ദാമ്പത്യജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ക്രൂരതകള്‍ വെളിപ്പെടുത്തി 2016ല്‍ റെയ്ചല്‍ ഒരു ലേഖനം എഴുതിയിരുന്നു. ബുദ്ധിമുട്ടുള്ള ഇത്തരം ബന്ധങ്ങളില്‍നിന്ന് പുറത്തുചാടണമെന്ന് സമാന സാഹചര്യത്തിലുള്ളവരോട് ലേഖനത്തിലൂടെ അവര്‍ പറഞ്ഞിരുന്നു. മക്കളെ ഒറ്റയ്ക്കു വളര്‍ത്തിയത് എങ്ങനെയാണ് ജീവിതത്തില്‍ കൂടുതല്‍ ആത്മവിശ്വാസവും ബലവും നല്‍കിയതെന്നും അവര്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഓക്‌സിജന്‍ മാഗസിനു വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് റെയ്ചല്‍ അവസാനമായി തന്റെ ഫെയ്‌സ്ബുക് പേജില്‍ പങ്കുവച്ചത്.