കോഴിക്കോട്: ഇസ്രയേൽ ഭരണകൂടത്തെ വെള്ള പൂശാൻ ഇന്ത്യൻ ഭരണകൂടം ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സ്വതന്ത്ര പലസ്തീൻ ആണ് പ്രശ്നങ്ങൾക്ക് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ.
ലോകത്തിലെ ഏറ്റവും വലിയ ഭീകര രാഷ്ട്രമാണ് ഇസ്രയേൽ.ഇസ്രയേലിനെ സഹായിക്കുന്നവര്‍ ഭീകരതയെ കൂട്ടുപിടിക്കുന്നവരാണ്. ഗാസയിൽ നടക്കുന്നത് മനുഷ്യക്കുരുതിയാണ്. പലസ്തീൻ ജനതയുടേത് ചെറുത്തുനില്പാണ്. ഇന്ത്യൻ ജനത എക്കാലവും പലസ്തീനൊപ്പമായിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ നിലപാടിൽ വെള്ളം ചേർത്തു. പലസ്തീൻ ജനതയുടേത് ജീവിക്കാനുള്ള ചെറുത്തുനിൽപാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് ഒത്തുകൂടിയിരിക്കുന്ന ജനങ്ങൾ പലസ്തീനുള്ള പിന്തുണ അറിയിക്കുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പൊതുസമ്മേളനത്തിൽ പറഞ്ഞു. 'നമ്മുടെ കയ്യിൽ ആയുധമില്ല. നമ്മുടെ കയ്യിൽ അനുദിനം പലസ്തീനിൽ മരിച്ച് വീഴുന്ന കുഞ്ഞുങ്ങൾക്കായി ചെയ്യാൻ ഒന്നുമില്ല. പക്ഷേ ഒന്നുണ്ട്, അത് ഇന്നീ കടപ്പുറത്ത് നമ്മൾ സമർപ്പിച്ചിരിക്കുകയാണ്' എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രാർഥനയാണ് തങ്ങളുടെ ആയുധം. ഈ റാലി അതിന്റെ ഫലം കണ്ടെത്തും. ലോകമെങ്ങും ഇത്തരം റാലികൾ നടക്കുകയാണ്. ലോകം മുഴുവൻ ഈ കൊലപാതകങ്ങളെ, ഈ ക്രൂരതയെ അപലപിക്കുകയാണ്. ഇസ്രയേൽ ഉപയോഗിക്കുന്നതിനേക്കാൾ മൂർച്ചയേറിയ ആയുധം ഈ പൊതുജനാഭിപ്രായമാണ്. ഇന്ത്യന്‍ ജനത പലസ്തീൻ ജനതയ്‌ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യാവകാശ റാലിയാണ് ലീഗ് നടത്തുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പലസ്‌തീന് ഐക്യദാർഢ്യവുമായാണ് ലീഗിന്റെ മഹാറാലി. ഇസ്രയേൽ ഗാസയിൽ നിരപരാധികളെ കൊന്നൊടുക്കുന്നു. കൊല്ലപ്പെട്ടവരിൽ കൂടുതലും കുഞ്ഞുങ്ങളാണ്. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും പലസ്തീനൊപ്പമാണെന്നും പിഎംഎ സലാം പറഞ്ഞു.
സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരാണ് മഹാറാലിയിലെ മുഖ്യാതിഥി.മാനുഷിക നിയമത്തിന്റെ നഗ്നമായ ലംഘനമാണ് പലസ്തീന്‍ ജനത അനുഭവിക്കുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.