Share this Article
ട്രെയിന്‍ വൈകിയത് മൂലം യാത്ര മുടങ്ങി, മീറ്റിംഗിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല; റെയില്‍വേ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
വെബ് ടീം
posted on 26-10-2023
1 min read
TRAIN DELAYED CONSUMER FORUM ASK RAILWAY TO PASSENGER

കൊച്ചി: ആലപ്പുഴ - ചെന്നൈ എക്‌സ്പ്രസ് 13 മണിക്കൂര്‍ വൈകിയത് മൂലം യാത്രക്കാരന് ഉണ്ടായ അസൗകര്യത്തിന് ദക്ഷിണ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍.

ബോഷ് ഇന്ത്യ ഡെപ്യൂട്ടി മാനേജരായ  കാര്‍ത്തിക് മോഹന്‍ ചെന്നൈയില്‍ കമ്പനിയുടെ ഉന്നതല യോഗത്തില്‍ പങ്കെടുക്കുന്നതിന് ആലപ്പുഴ - ചെന്നൈ എക്‌സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ ട്രെയിന്‍ കയറുന്നതിനായി എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ മാത്രമാണ് ട്രെയിന്‍ 13 മണിക്കൂര്‍ വൈകും എന്ന അറിയിപ്പ് റെയില്‍വേയില്‍ നിന്നും ലഭിക്കുന്നത്. മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ പരാതിക്കാരന് ചെന്നൈയില്‍ നടന്ന മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കൂടാതെ ഒട്ടനവധി യാത്രക്കാരെയും നീറ്റ് പരീക്ഷ എഴുതാന്‍ തയ്യാറായിവന്ന വിദ്യാര്‍ഥികളെയും ട്രെയിനിന്റെ മുന്നറിയിപ്പ് ഇല്ലാത്ത വൈകല്‍ ദുരിതത്തില്‍ ആക്കി.

റെയില്‍വേയുടെ നിരുത്തരവാദിത്തപരമായ ഈ പ്രവൃത്തി കാരണം  സാമ്പത്തിക, മാനസിക ബുദ്ധിമുട്ട് ഉണ്ടായ സാഹചര്യത്തിലാണ് യാത്രക്കാരന്‍ എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചത്. യാത്രയുടെ ഉദ്ദേശം മുന്‍കൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ്, കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്നുമാണ് റെയില്‍വേ വാദിച്ചത്. ഇത് കമ്മിഷന്‍ തള്ളി.

ചെന്നൈ ഡിവിഷനിലെ അരക്കുന്നത്ത് യാര്‍ഡ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് മൂലമാണ് ട്രെയിന്‍ വൈകിയത്. ഇത് നേരത്തെ അറിവുണ്ടായിരുന്നിട്ടും യാത്രക്കാര്‍ക്ക് മുന്‍കൂട്ടി  വിവരങ്ങള്‍ നല്‍കുന്നതിലും സൗകര്യങ്ങള്‍ ഒരുക്കുന്നതിലും റെയില്‍വേ അധികൃതര്‍ പരാജയപ്പെട്ടതായി കമ്മിഷന്‍ കണ്ടെത്തി. യാതൊരു ന്യായീകരണവും ഇല്ലാതെ ട്രെയിന്‍ വൈകുന്നത് സേവനത്തിലെ ന്യൂനതയാണെന്നും റെയില്‍വേയുടെ പ്രതിബദ്ധത ഇല്ലായ്മയാണ് ഇതിന് കാരണം എന്നും കമ്മീഷന്‍ വിലയിരുത്തി. യാത്രക്കാര്‍ക്ക് ഉന്നത നിലവാരമുള്ള സേവനം ലഭിക്കുക എന്നത് റെയില്‍വേയുടെ ഔദാര്യമല്ല യാത്രക്കാരന്റെ അവകാശമാണെന്ന് കമ്മീഷന്‍ ഓര്‍മിപ്പിച്ചു. 

തുടര്‍ന്ന് സേവനത്തില്‍ വീഴ്ചവരുത്തിയ സതേണ്‍ റെയില്‍വേ, അന്‍പതിനായിരം രൂപ യാത്രക്കാരന് നഷ്ടപരിഹാരമായും പതിനായിരം രൂപ കോടതി ചെലവായും 30 ദിവസത്തിനകം നല്‍കണമെന്ന് കമ്മീഷന്‍ പ്രസിഡന്റ് ഡി ബി ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവ് നല്‍കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories