കളമശേരി സ്‌ഫോടനത്തിന് പിന്നാലെ നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വിദ്വേഷപ്രചാരണത്തിന് കേസ്. ഐപിസി 153 എ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാണ് കേസെടുത്തത്. സാമൂഹമാധ്യമത്തില്‍ കേന്ദ്രമന്ത്രി പോസ്റ്റ് ചെയ്ത കുറിപ്പിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. കേന്ദ്രമന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.
കേന്ദ്രമന്ത്രി വിഷം ചീറ്റുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെ തിങ്കളാഴ്ച രാജീവ് ചന്ദ്രശേഖര്‍ പിണറായി ഭരിക്കുന്ന സംസ്ഥാനത്ത് തീവ്രവാദം വളരുന്നു എന്ന് വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.ഇതിന് പ്രതികരണമായി രാജീവ് ചന്ദ്രശേഖര്‍ കൊടും വിഷമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം, വിദ്വേഷ പരാമർശം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരായി കേസെടുത്ത സംസ്ഥാന സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ വ്യക്തമാക്കി. വർഗീയ പരാമർശം നടത്തിയ എല്ലാവർക്കതിരെയും കേസെടുക്കണം. എം.വി.ഗോവിന്ദനെതിരെയും കേസെടുക്കണം. ഇല്ലെങ്കിൽ നടപടി ഏകപക്ഷീയമാണെന്ന് വിലയിരുത്തപ്പെടുമെന്നും ഹസൻ കോഴിക്കോട് പറഞ്ഞു.