മണ്ണാർക്കാട്: വീടിന് തീ പിടിച്ചത് കണ്ടുനിന്ന ഗൃഹനാഥ കുഴഞ്ഞുവീണു മരിച്ചു. അലനല്ലൂരിൽ കൊടിയൻകുന്നിൽ വേണാട്ട് വീട്ടിൽ അമ്മു അമ്മയാണ് (63) മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴിനാണ് സംഭവം.
വീടിനോടു ചേർന്നുള്ള റബ്ബർ പുകപ്പുരയിൽ നിന്നാണ് തീ പടർന്നത്. തീപ്പിടിത്തം കണ്ട് അമ്മു അമ്മ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോറിക്ഷാഡ്രൈവറായ മകൻ ജയകൃഷ്ണൻ പുറത്തുപോയതിനാൽ അമ്മു അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ ഒച്ചയുണ്ടാക്കിയപ്പോൾ നാട്ടുകാർ ഓടിയെത്തി അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
വീടിനു സമീപം താമസിക്കുന്ന, മണ്ണാർക്കാട് അഗ്നിരക്ഷാനിലയത്തിലെ അൻസൽ ബാബുവും ഉടൻ സംഭവസ്ഥലത്തെത്തി. വീടിനോട് ചേർന്നുള്ള അടുക്കളവശത്ത് തീ പടർന്നുപിടിച്ചതോടെ പാചകവാതക സിലിൻഡർ മാറ്റാനാകാതെ ജനങ്ങൾ പരിഭ്രാന്തരായി. അൻസൽ ബാബു ഉടൻതന്നെ വീട്ടിൽ കടന്ന് പാചകവാതക സിലിൻഡർ സുരക്ഷിതമായി പുറത്തേക്കെത്തിച്ചു.
ഓടിട്ട ഇരുനിലവീടിന്റെ താഴത്തെ നില ഏറെക്കുറെ കത്തിയമർന്നു. വീട് കത്തുന്നതു കണ്ട് പരിഭ്രാന്തയായ അമ്മു അമ്മ ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഗ്നിരക്ഷാസേനയുടെ വാഹനം സ്ഥലത്തെത്തിയെങ്കിലും ഇടുങ്ങിയ വഴിയായതിനാൽ വീടിന് സമീപമെത്താനും വെള്ളം പമ്പു ചെയ്യാനും സാധിച്ചില്ല. സേനാംഗങ്ങൾ സമീപവീടുകളിൽനിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീ കെടുത്തുകയായിരുന്നു.