മഞ്ചേശ്വരം:. 2016ന് മുന്‍പ് കേരളീയര്‍ എല്ലാ മേഖലയിലും കടുത്തനിരാശയിലായിരുന്നുവെന്നും എന്നാൽ ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് പിന്നിൽ എൽ.ഡി.എഫ്. സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്ന് യു.ഡി.എഫ്. സർക്കാർ തുടർന്നിരുന്നെങ്കിൽ ഇന്ന് കാണുന്ന പല മാറ്റങ്ങളും സംഭവിക്കുമായിരുന്നോ എന്നും ചോദിച്ചു.നമ്മുടെ നാട് പലകാര്യങ്ങളിലും രാജ്യവും ലോകവും ശ്രദ്ധിക്കുന്ന നാടാണ്. ഇവിടെ ആ മുന്നോട്ടുപോക്കിന് വല്ലാത്ത ഒരു തടസം അനുഭവപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി കേരളമാകെ കടുത്ത നിരാശയില്‍ കഴിഞ്ഞ ഒരുകാലമുണ്ടായിരുന്നു. അയല്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ ജീവിച്ചിരിക്കുന്നവരാണ് നിങ്ങള്‍. തൊട്ടപ്പുറത്ത് മനോഹരമായ റോഡ്. ഇപ്പുറത്ത് വളരെ ഇടുങ്ങിയ റോഡ്. ഇതിന് ഇവിടെ മാറ്റമുണ്ടാകില്ലെന്ന് വിശ്വസിച്ചിരുന്ന ജനങ്ങള്‍ ഉണ്ടായിരുന്നു. ഇവിടെ ഒരു കൂട്ടം ആളുകള്‍ ഉണ്ട്. കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്തുന്ന സ്വഭാവമുള്ളവര്‍. സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ നിക്ഷിപ്ത താത്പര്യമുള്ളവരാണ് അവരെന്നും പിണറായി പറഞ്ഞു. മഞ്ചേശ്വരം പൈവളിഗെയിൽ നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്ര തുടങ്ങുന്നതിന് മുന്‍പേ ബസിന്റെ ആഢംബരത്തെ കുറിച്ചായിരുന്നു ചര്‍ച്ച. ആദ്യമായാണ് തങ്ങളും ഈ ബസില്‍ കയറുന്നത്. എന്നാല്‍ ബസിന്റെ ആഢംബരം എന്താണെന്ന് എത്ര പരിശോധിച്ചിട്ട് കണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പരിപാടിക്ക് ശേഷം എല്ലാവരും ഇവിടെ നിന്ന് അതേബസില്‍ കയറിയാണ് കാസര്‍കോട്ടേക്ക് തിരിച്ചുപോകുക. മാധ്യമപ്രവര്‍ത്തകരോട് ഒരഭ്യര്‍ഥനയുള്ളത് എല്ലാവരും ഈ ബസില്‍ കയറണം. നിങ്ങള്‍ എന്തെല്ലാം കൊടുത്താലും നിങ്ങളുമായി നല്ല ബന്ധമാണ് പുലര്‍ത്തിപ്പോരുന്നത്. നിങ്ങള്‍ക്ക് ഈ ബസ് പരിശോധിച്ച് ഈ ബസില്‍ എത്ര ആര്‍ഭാടമുണ്ടെന്ന് കാട്ടിക്കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചെങ്കള മുതലുള്ള ദേശീയ പാതയുടെ റീച്ച് നല്ല വേഗതയിലാണ് പൂർത്തീകരിക്കപ്പെടുന്നത്. ഏറെക്കുറെ പൂർത്തിയായ ഭാഗത്ത് ഇറങ്ങിനിന്ന് അതൊന്ന് കാണണം എന്ന് തോന്നി. അത് കണ്ണിന് നല്ല കുളിർമ്മ നൽകുന്ന കാഴ്ചയായിരുന്നു. അതുകൊണ്ടാണ് കേരളസദസിലേക്ക് വരുമ്പോൾ വൈകാൻ കാരണം-എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ദേശീയപാതാ വികസനം ഇനി നടക്കില്ല എന്ന് കരുതിയവരെല്ലാം ഇപ്പോൾ ആ വിശ്വാസത്തിൽ അല്ല. സമയബന്ധിതമായി പൂർത്തിയാകും എന്ന ഉറച്ച വിശ്വാസത്തിലാണ്. 2016-ന് മുമ്പ് അധികാരത്തിൽ വന്ന സർക്കാരാണ് ഇവിടെ തുടർന്നിരുന്നതെങ്കിൽ ഈ മാറ്റം ഉണ്ടാകുമായിരുന്നോ- മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ ആരാഞ്ഞു.
നവകേരള സദസ്സ് തീർത്തും ഒരു സർക്കാർ പരിപാടിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽനിന്ന് എങ്ങനെയെങ്കിലും മറച്ചുവെക്കണം എന്ന് അതീവ നിക്ഷിപ്ത താത്പര്യത്തോടെ, സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധരായ ശക്തികൾ ആഗ്രഹിക്കുകയായാണെന്നും കൂട്ടിച്ചേര്‍ത്തു. അത് സംസ്ഥാന താത്പര്യമല്ല. അവരുടേതായ നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. എന്നാൽ ജനങ്ങൾ അതിനോടൊപ്പമില്ല. ജനങ്ങൾ അതിന്റെ കൂടെ അണിനിരക്കാനും തയ്യാറല്ല. അതുകൊണ്ടാണ് 2021-ൽ എൽ.ഡി.എഫ്. സർക്കാരിനെ 99 സീറ്റുകൾ നൽകി തുടർഭരണം കേരളത്തിലെ ജനങ്ങൾ സമ്മാനിച്ചത്. ആ സർക്കാരിനോട് രാഷ്ട്രീയമായ ഭിന്നത കോൺഗ്രസിനും യു.ഡി.എഫിനും ഉണ്ടാകും. ബി.ജെ.പിക്ക് വല്ലാത്തൊരു അസഹിഷ്ണുതയും ഉണ്ടാകാം. പക്ഷെ നാടിനുവേണ്ടി സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇവിടെ നടക്കാൻ പാടില്ലെന്നും ഇപ്പോൾ ഇത് വേണ്ട എന്നും നിലപാട് എടുക്കുന്നതിന് എന്താണ് അർഥമെന്നും മുഖ്യമന്ത്രി ചോദിച്ചു.