സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ താല്‍ക്കാലിക അവധിയിലേക്ക്. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒരു മുതിര്‍ന്ന നേതാവിന് കൈമാറാന്‍ നടപടികള്‍ തുടങ്ങി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലാണ് കാനം രാജേന്ദ്രന്‍ അവധിയിലേക്ക് പോകുന്നത്
കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാലിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് മൂന്നുമാസമെങ്കിലും വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഇതു പരിഗണിച്ചാണ് താല്‍ക്കാലിക അവധിയില്‍ പ്രവേശിക്കാന്‍ കാനം തീരുമാനിച്ചിരിക്കുന്നത്. അവധിക്കുള്ള അപേക്ഷ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്, ദേശീയ സെക്രട്ടറി എന്നിവര്‍ക്ക് സമര്‍പ്പിച്ചു കഴിഞ്ഞു.
നവ കേരള സദസ്സ് തുടരുന്ന സാഹചര്യത്തിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തേണ്ട സമയം അടുത്തതിനാലും സെക്രട്ടറി സ്ഥാനം താല്‍ക്കാലികമായി മറ്റൊരാള്‍ക്ക് നല്‍കണമെന്നാണ് കത്തിലെ ആവശ്യം. കാനം രാജേന്ദ്രന്റെ അഭാവത്തില്‍ മുതിര്‍ന്ന സിപിഐ നേതാവിന് സെക്രട്ടറിയുടെ ചുമതല നല്‍കാനാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി വരുന്ന ആഴ്ച സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ചേരുന്നുണ്ട്. സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനം വൈകാനിടയില്ല. നിലവിലെ സാഹചര്യമനുസരിച്ച് മുതിര്‍ന്ന നേതാവായ ബിനോയ് വിശ്വം എംപി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരിഗണിക്കാനാണ് സാധ്യത.