തൃശ്ശൂര്‍ : കേരള വർമ കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു നടത്തിവന്ന നിയമപോരാട്ടത്തിന് വിജയം. എസ്.എഫ്.ഐ ചെയര്‍മാന്‍ സ്ഥാനം റദ്ദാക്കി റീകൗണ്ടിംഗിന് ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന കെ.എസ്.യു ആവശ്യം കോടതി അംഗീകരിച്ചില്ല..
വോട്ടെണ്ണലില്‍ അട്ടിമറിയാരോപിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷി സേവ്യര്‍ ദിവസങ്ങളോളമാണ് തൃശ്ശൂര്‍ കളക്ട്രേറ്റ് പടിക്കല്‍ നിരാഹാരമനുഷ്ഠിച്ചത്. കോണ്‍ഗ്രസ് ജില്ല നേതൃത്വം കേരളവര്‍മ്മ കോളേജിലേക്ക് മാര്‍ച്ച് ഉള്‍പ്പടെ നടത്തിയിരുന്നു. ഹെെക്കോടതയില്‍ നിയമ പോരാട്ടം ആരംഭിച്ചതിന്‍റെ പശ്ചാതലത്തില്‍ കഴിഞ്ഞ ആറിനാണ് ആലോഷിയുടെ നിരാഹാര സമരം അവസാനിപ്പിച്ചത്. ഈ നിയമപോരാട്ടത്തിനാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. ഈ മാസം 20ന് ആയിരുന്നു ശ്രീ കേരളവർമ കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്. ആദ്യം ഒരു വോട്ടിന് വിജയിച്ച കെ. എസ്. യു സ്ഥാനാർഥി ശ്രീക്കുട്ടന്‍ ഏറെ നാടകീയതകൾക്കും തർക്കങ്ങൾക്കുമൊടുവിൽ രാത്രിയിൽ നടന്ന റീകൗണ്ടിങ്ങില്‍ പരാജയപ്പെട്ടുകയായിരുന്നു. അർധ രാത്രിവരെ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവില്‍ 11 വോട്ടിന്‍റെ ലീഡിൽ ചെയർമാനായി എസ്.എഫ്.ഐയുടെ അനിരുദ്ധൻ വിജയിച്ചതായി പ്രഖ്യാപനം വരുകയും ചെയ്തു. റീ കൗണ്ടിങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടുവെന്നും ആട്ടിമറിയുണ്ടായെന്നുമാരോപിച്ചാണ് കെ.എസ്. യു രംഗത്ത് വന്നത്. ഫലം പുനഃപരിശോധിക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാവശ്യപ്പെട്ടായിരുന്നു കെ.എസ്. യു കോടതിയെ സമീപിച്ചത്. റി കൗണ്ടിങ്ങില്‍ കെ.എ.എസ്. യു വിജയിച്ചാല്‍ 40 വര്‍ഷത്തോളമായി കുത്തകയായിരുന്ന എസ്.എഫ്.ഐ യുടെ ചെയര്‍മാന്‍ സ്ഥാനമാണ് ഇല്ലാതാകുക. ഇത് എസ്.എഫ് .ഐ യെ സംബന്ധിച്ച് വലിയ രാഷ്ട്രീയ തിരിച്ചടിയാകും സൃഷ്ടിക്കുക.