കൊല്ലം ഓയൂരിൽനിന്നും ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ നമ്പറുകൾ വ്യാജമെന്ന് പോലീസ് സ്ഥിരീകരണം.
അതേസമയം, അബിഗേൽ സാറയെ കണ്ടെത്താനുള്ള ശ്രമം ഊർജിതമായി നടക്കുകയാണ്. ഇതിനായി പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വ്യാപക അന്വേഷണത്തിന് നിർദേശം നൽകി. തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിലും പ്രദേശത്ത് തെരച്ചിൽ നടക്കുന്നുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ പ്രത്യേക കൺട്രോൾ റൂം നമ്പരായ 112ലോ 9946923282, 9495578999 എന്നിവയിലോ അറിയിക്കണമെന്നാണ് പൊലീസ് നിർദ്ദേശം.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ റെജിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ അമ്മ സിജിയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ എത്തിയെങ്കിലും കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. അമ്മയുടെ ഫോണിലേക്കു വിളിച്ച് അഞ്ചുലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയുമാണു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ടത്.
അതേസമയം, തട്ടിക്കൊണ്ടുപോകലിനായി കൃത്യമായ ആസൂത്രണം നടന്നതായാണ് പൊലീസ് നിഗമനം. ആദ്യം അഞ്ചുലക്ഷം രൂപയും പിന്നെ പത്തുലക്ഷവും മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ സന്ദേശം എത്തിയതിലും ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം.