ഫെബ്രുവരി 22 വ്യാഴാഴ്ച മുതല്‍ കേരളത്തിലെ തിയറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. പ്രൊഡ്യൂസര്‍മാരുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 42 ദിവസത്തിന് ശേഷമേ ചിത്രങ്ങള്‍ ഒടിടിയില്‍ നല്‍കുകയുള്ളു എന്ന ധാരണ പലരും തെറ്റിച്ചു.
റിലീസ് സമയത്തെ നിര്‍മാതാക്കളുടെ തിയറ്റര്‍ വിഹിതം 60 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി കുറയ്ക്കുക, സിനിമ തിയേറ്ററുകളില്‍ പ്രൊജക്ടര്‍ വയ്ക്കാനുള്ള അവകാശം ഉടമയില്‍ നിലനിര്‍ത്തുക, തുടടങ്ങിയ ആവശ്യങ്ങളും തിയേറ്റര്‍ ഉടമകള്‍ ഉന്നയിക്കുന്നുണ്ട്.
സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകളെ ഒതുക്കി മള്‍ട്ടിപ്ലക്സുകളെ നിര്‍മാതാക്കള്‍ സഹായിക്കുന്നു എന്നും ഫിയോക് ഭാരവാഹികള്‍ ആരോപിച്ചു. നിലവില്‍ തിയറ്ററുകളിലുള്ള സിനിമകളുടെ പ്രദര്‍ശനം തുടരും. അതേസമയം, റിലീസ് നിര്‍ത്തിവെയ്ക്കും എന്ന് അറിയിച്ചിട്ടില്ല എന്ന് ഫിലിം ചേമ്പര്‍ വ്യക്തമാക്കി.