തലയില്‍ ആവരണമുള്ള പുതിയ ഇനം കടല്‍ ഒച്ചിനെ കണ്ടെത്തി. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോടുള്ള ബഹുമാര്‍ത്ഥം ഒച്ചിന് 'മെലനോക്ലാമിസ് ദ്രൗപതി' എന്ന് പേരിട്ടതായി സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു.
ഒഡീഷയുടെയും പശ്ചിമ ബംഗാളിന്റെയും അതിര്‍ത്തി തീരമായ ഉദയ്പൂര്‍, ദിഘ തീരത്ത് നിന്നാണ് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ശാസ്ത്രജ്ഞര്‍ പുതിയ ഇനം കടല്‍ ഒച്ചിനെ കണ്ടെത്തിയത്. രൂപഘടന, ശരീരഘടന, തന്മാത്രാ സ്വഭാവ സവിശേഷതകള്‍ പരിശോധിച്ചാണ് പുതിയ ഇനം ഒച്ചാണെന്ന് സ്ഥിരീകരിച്ചത്.
ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോടുള്ള ബഹുമാര്‍ത്ഥമാണ് ഒച്ചിന് 'മെലനോക്ലാമിസ് ദ്രൗപതി' എന്ന് പേരിട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള മറ്റ് സ്പീഷീസുകളില്‍ നിന്ന് വ്യത്യസ്തമായി ഇടതുവശത്ത് പിന്‍ഭാഗത്തായി മാണിക്യവര്‍ണ്ണമാര്‍ന്ന പൊട്ടുള്ള സവിശേഷ ഇനമാണിതെന്നാ്് ശാസ്ത്രജ്ഞര്‍ പറയുന്നു.
നവംബറിനും ജനുവരിക്കും ഇടയിലാണ് ഇവയുടെ പുനരുല്‍പാദനം നടക്കുന്നത്. നിലവില്‍ ഈ മെലനോക്ലാമിസ് ദ്രൗപതിയെ വേലിയറ്റ പ്രദേശത്തെ വെറും മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ നിന്ന് മാത്രമേ കണ്ടെത്തിയിട്ടുള്ളു. റിബണ്‍ വേംസ്, കടല്‍ പുഴുക്കള്‍, ചെറിയ മത്സ്യങ്ങള്‍ തുടങ്ങിയ ചെറു ജീവികളാണ് ഇവയുടെ ഭക്ഷണം. സ്വന്തം ആവാസവ്യവസ്ഥയില്‍ ഇവയ്ക്ക് ഏറെ പ്രധാന്യം അര്‍ഹിക്കുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.