കേരള സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. മുന്‍ വിസി സിസ തോമസിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. ഗവര്‍ണറും സര്‍ക്കാരും തമ്മിലെ തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുടെത്ത് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
കേസില്‍ വിശദമായ വാദം പോലും കേള്‍ക്കാന്‍ കൂട്ടാക്കാതെയാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലെ തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
സിസ തോമസിനെ സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസിയാക്കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നിയമനം നിയമപരമെന്ന് കോടതി വിധിച്ചു. പിന്നാലെയാണ് അനുമതി കൂടാതെ വിസി സ്ഥാനം ഏറ്റെടുത്തെന്ന് ആരോപിച്ച് സര്‍ക്കാര്‍ സിസ തോമസിനെതിരെ നടപടി ആരംഭിച്ചത്.
ഇതിനെതിരെ സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരായ സര്‍ക്കാരിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.