കൊച്ചി: കോതമംഗലത്ത് പ്രതിഷധത്തിനിടെ പൊലീസ് വാഹനം ആക്രമിച്ചെന്ന കേസിൽ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസിൽ ഷിയാസിനു കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഈ മാസം 16 വരെയാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതിഷേധത്തിനെതിരെയെടുത്ത രണ്ടു കേസുകളില്‍ മുഹമ്മദ് ഷിയാസിനും മാത്യു കുഴൽനാടും രാവിലെ ജാമ്യം ലഭിച്ചിരുന്നു. ഇവരോടൊപ്പം അറസ്റ്റിലായ 14 പ്രവർത്തകർക്കും ജാമ്യം ലഭിച്ചു. ഇതിനുപിന്നാലെയാണ് പൊലീസ് വാഹനം അക്രമിച്ചെന്ന കേസിൽ ഷിയാസിനെ അറസ്റ്റു ചെയ്യാനുള്ള നീക്കം പൊലീസ് നടത്തിയത്.
കോടതിയിൽനിന്നു ജാമ്യം ലഭിച്ചു പുറത്തിറങ്ങി മാധ്യമങ്ങളോടു സംസാരിച്ചശേഷം എറണാകുളത്തേക്കു പോകാന്‍ വാഹനത്തില്‍ കയറവെയായിരുന്നു വീണ്ടും അറസ്റ്റുചെയ്യാന്‍ പൊലീസ് ശ്രമിച്ചത്. ഇതിനിടെ ഷിയാസ് കോടതിയിലേക്ക് ഓടി കയറുകയായിരുന്നു. തന്റെ അറസ്റ്റ് തടയണമെന്നു കോടതിയോടു മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. സർക്കാരിനോട് വിശദീകരണം ചോദിച്ച ശേഷമാണ് ഷിയാസിന് കോടതി ജാമ്യം അനുവദിച്ചത്.