തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെ റൈസ് വിതരണം ഈ മാസം 12 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍. സപ്ലൈകോ കേന്ദ്രങ്ങള്‍ വഴിയാകും അരി വിതരണം ചെയ്യുക. ജയ അരി കിലോയ്ക്ക് 29 രൂപ നിരക്കിലും മട്ട അരിയും കുറുവ അരിയും കിലോയ്ക്ക് 30 രൂപ നിരക്കിലുമാകും വിതരണം ചെയ്യുകയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഓരോ മേഖലയിലും വ്യത്യസ്ത അരികളാകും സപ്ലൈകോ കേന്ദ്രങ്ങളിലെത്തുക. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ഒരുമാസം അഞ്ചുകിലോ അരിയുടെ പാക്കറ്റ് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ തിരുവനന്തപുരത്ത് പറഞ്ഞു.റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടത്തുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഈ മൂന്നു ദിവസവും റേഷന്‍ വിതരണം പൂര്‍ണമായി നിര്‍ത്തിവെച്ച് അപ്ഡേഷന്‍ നടത്താനാണ് വകുപ്പുതല തീരുമാനം. റേഷന്‍ കടകള്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിന് സമീപത്തെ പൊതു ഇടത്തു വെച്ച് ( സ്‌കൂള്‍, വായനശാല, അംഗന്‍വാടി, ക്ലബ്) ഇ-കെവൈസി അപ്ഡേഷന്‍ മാത്രമായി നടത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.