ന്യൂഡല്‍ഹി: ഹരിയാനയിൽ ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ നായബ് സിങ് സൈനി മുഖ്യമന്ത്രിയാവും. ബിജെപി നിയമസഭാകക്ഷി യോഗം സൈനിയെ നേതാവായി ഏകകണ്ഠേന തെരഞ്ഞെടുത്തതായി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് മണിക്കൂറുകള്‍ക്കകമാണ് തീരുമാനം. ഇന്നു വൈകിട്ടു പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും
ജനനായക് ജനതാ പാര്‍ട്ടിയുമായുള്ള സഖ്യം തകർന്നതിനു പിന്നാലെയാണ് ഖട്ടര്‍ പദവി രാജിവച്ചത്. രാവിലെ ഖട്ടര്‍ രാജിക്കത്ത് ഗവർണർ ബന്ദാരു ദത്താത്രേയയ്ക്ക് കൈമാറി.
ലോക്സഭ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യം തകർന്നത്. ഇതേത്തുടർന്ന് കേന്ദ്രനിരീക്ഷകരായ അർജുൻ മുണ്ട, ബിപ്ലവ് ദേബ്, തരുൺ ഛുഗ് എന്നിവരുടെ സാന്നിധ്യത്തിൽ ബിജെപി എംഎൽഎമാരുടെ യോഗം ചേർന്നു. ഈ യോഗത്തിലാണ് മനോഹർ ലാൽ ഖട്ടർ രാജിവെക്കാൻ തീരുമാനിച്ചത്.