തടാകങ്ങളുടെ നഗരമാണ് ബെംഗളൂരു. 285 ല്‍ അധികം തടാകങ്ങളുള്ള നഗരം. വെള്ളമില്ലാതെ വരണ്ടുണങ്ങിയ 33 തടാകങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മനുഷ്യന് ഉണ്ട് ബെംഗളൂരുവിന്. ആനന്ദ് മല്ലിഗവാഡെന്ന സിവില്‍ എഞ്ചിനീയര്‍ ഇന്ത്യയുടെ ലെയ്ക്ക് മാന്‍ എന്നാണ് അറിയപ്പെടുന്നത്.
പതിനാറാം നൂറ്റാണ്ടില്‍ ബെംഗളൂരു നഗരത്തിന് ആയിരം തടാകങ്ങളുണ്ടായിരുന്നു . ബെംഗളൂരുവിന്റെ നഗരശില്‍പി കേംപ ഗൗഡ നിര്‍മ്മിച്ച കൃത്രിമ തടാകങ്ങളടക്കം ആയിരം തടാകങ്ങള്‍. പിന്നീട് വന്ന മൈസൂര്‍ രാജവംശവും ബ്രിട്ടീഷ് ഭരണവും ഈ തടാകങ്ങള്‍ക്ക് ഒരുകോട്ടവും വരുത്തിയില്ല.
എല്ലാ അര്‍ത്ഥത്തിലും ബെംഗളൂരു, ഒരു മിനി ഇന്ത്യയാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ജനങ്ങള്‍ തൊഴിലിനും ഉന്നത വിദ്യാഭ്യാസത്തിനുമായെത്തി ബെംഗളൂരുകാരാകുന്ന നഗരം. ഇവിടെ ആയിരം തടാകമെന്ന കണക്ക് ചുരുങ്ങി 285ലെത്തി. അതില്‍ പ്രാപ്യമായത് 90 മാത്രം. നഗരത്തിലെ 35 തടാകങ്ങള്‍ക്ക് പുനര്‍ജീവന്‍ നല്‍കിയ ഒരു ഒറ്റയാള്‍ പോരാട്ടത്തിന്റെ പേരാണ് ആനന്ദ് മല്ലിഗവാഡ്.
സിവില്‍ എഞ്ചിനീയറായ ആനന്ദ് 2016ല്‍ കണ്ട പത്രവാര്‍ത്തയാണ് ഇന്ത്യയുടെ ലെയ്ക്ക് മാന്‍ എന്ന വലിയ പേരിലേക്ക് ആനന്ദിനെ എത്തിച്ചത്. 2030 ഓടെ ഇന്ത്യയിലെ 21 നഗരങ്ങള്‍ കടുത്ത ജലക്ഷാമം നേരിടുമെന്നായിരുന്നു വാര്‍ത്ത. അതില്‍ ബെംഗളൂരുവും ഉള്‍പ്പെടുന്നു എന്നത് ആനന്ദിന് വലിയ നടുക്കമാണ് ഉണ്ടാക്കിയത്. 36 ഏക്കര്‍ വിസ്തൃതിയുള്ള ക്യലസാനഹള്ളി തടാകം പുനരുജ്ജീവിപ്പിച്ചായിരുന്നു തുടക്കം.
ചോള രാജവംശകാലത്തെ ജലാശയങ്ങളുടെ പുനരുദ്ധാരണ മാര്‍ഗങ്ങളുപയോഗിച്ചാണ് ആനന്ദ് തടാകങ്ങള്‍ക്ക് പുതുജീവനേകിയത്. 106 ഗാലോണ്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള തടാകങ്ങളാണ് അദ്ദേഹം ബെംഗളൂരിവിന് തിരികെ സമ്മാനിച്ചത്. ഇതോടെ 8 അടി ഉയരത്തിലേക്ക് പ്രദേശത്തെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ന്നു.
2025 ഓടെ 45 തടാകങ്ങള്‍ പുനരുജ്ജീവിപ്പിക്കാനാണ് ആനന്ദിന്റെ ലക്ഷ്യം. എന്നാല്‍ ബെംഗളൂരുവും കടന്ന ഖ്യാതിയാണ് ആനന്ദിന്. ഇതിനോടകം ലക്‌നൗവില്‍ എട്ട്, ഒഡീഷയില്‍ 40, അയോധ്യയില്‍ ഏഴ് എന്നിങ്ങനെ തടാകങ്ങളും ആനന്ദ് മല്ലിഗവാഡ് എന്ന തടാകമനുഷ്യന്‍ പുനരുജ്ജീവിപ്പിച്ചു അക്ഷരം തെറ്റാതെ വിളിക്കാം ആനന്ദ് മല്ലിഗവാഡിനെ മനുഷ്യന്‍ എന്ന്. ഒരു പ്രതിഫലേച്ഛയുമില്ലാതെ ഉള്ള ആനന്ദിന്റെ കഠിനാധ്വാനത്തിന് മനുഷ്യത്വം എന്നും പേരിടാം.