Share this Article
റമദാനില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്നാവശ്യം വകവെക്കാതെ ഇസ്രയേല്‍
Israel despite demand for ceasefire in Gaza during Ramadan

റമദാനില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്നാവശ്യം വകവെക്കാതെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കുന്നു. റാഫയിലും ജെനില്‍ അഭയാര്‍ഥി ക്യാമ്പിലും ആക്രമണമുണ്ടായി. ലെബനിലുണ്ടായ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 

യുഎന്‍ രക്ഷാസമിതി പ്രമേയം തള്ളിയ ഇസ്രയേല്‍ റാഫയിലും ഖാന്‍ യൂനിസിലും വടക്കന്‍ ഗാസയിലും ആക്രമണം നടത്തി. റാഫയില്‍ വീടിനുനേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ജെനില്‍ അഭയാര്‍ഥി ക്യാമ്പില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വെടിനിര്‍ത്തില്ലെന്നും ആക്രമണം തുടരുമെന്നും ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചബിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. ഇതിനിടെ ഇസ്രയേല്‍ ആക്രമണത്തിന് മറുപടിയായി ഹിസ്ബുള്ള ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് ഡസന്‍ കണക്കിന് റോക്കറ്റുകള്‍ വിക്ഷേപിച്ചു.

ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. റമദാനില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്നാവശ്യം പാലിക്കാന്‍ ഇസ്രയേലിനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നാണ് അമേരിക്കയുടെ അവകാശവാദം. എന്നാല്‍ കൂടുതല്‍ ആയുധങ്ങള്‍ക്കായി കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രതിരോധമന്ത്രി അമേരിക്കയിലെത്തിയത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

അതേസമയം,  കടലില്‍ ഭക്ഷണപ്പൊതികള്‍ ശേഖരിക്കാനിറങ്ങിയ 18 പലസ്തീനികള്‍ മുങ്ങി മരിച്ചു. ഗാസയിലേക്കുള്ള ഭക്ഷണമടക്കമുള്ള സഹായങ്ങള്‍ കരമാര്‍ഗം എത്തിക്കുന്നത് ഇസ്രായേല്‍ മുടക്കിയതിനെ തുടര്‍ന്നാണ് ഭക്ഷ്യസഹായം ആകാശമാര്‍ഗം എത്തിച്ചത്.

മെഡിറ്ററേനിയന്‍ കടലില്‍ ഇറക്കിയ ഭക്ഷ്യകിറ്റുകള്‍ ശേഖരിക്കാനിറങ്ങിയ ആള്‍ക്കൂട്ടമാണ് അപകടത്തില്‍പ്പെട്ടത്. ഭക്ഷണപ്പൊതികള്‍ ശേഖരിക്കാന്‍ നൂറ് കണക്കിനാളുകളാണ് ആഴക്കടലിലേക്ക് ഇറങ്ങിയത്. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇതുവരെ 32,490 പലസ്തീനികള്‍ കൊല്ലപ്പെടുകയും 74,889 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.       


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories