കൊച്ചി: ഹേബിയസ് കോര്‍പ്പസ് ഹർജിയിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്വീകാര്യമല്ലാത്ത രക്ഷിതാവിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി. കുട്ടിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ്കോടതി ഉത്തരവ്. കുട്ടി നിലവില്‍ അച്ഛന്റെ ബന്ധുക്കളോടൊപ്പമാണ് താമസിക്കുന്നത്. കുട്ടിയുടെ കസ്റ്റഡി വേണമെന്നാവശ്യപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജിയില്‍ പറയുന്നതുപോലെ തടവില്‍ വെച്ചിട്ടില്ലെന്നും കുട്ടി ആഗ്രഹിക്കുന്നവരോടൊപ്പം വിടാനും അനുമതി നല്‍കിക്കൊണ്ട് കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. അച്ഛനൊപ്പമാണ് ഇതുവരെ കുട്ടി വളര്‍ന്നത്. എന്നാല്‍ ഈ അടുത്തായി അച്ഛന്‍ മരിക്കുകയും കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം ദുബായിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ അച്ഛന്റെ സഹോദരിക്കൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്. കുടുംബക്കോടതിയുടെ ഉത്തരവിന് വിരുദ്ധമായാണ് കുട്ടിയെ താമസിപ്പിച്ചിരിക്കുന്നതെന്നും കുട്ടിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസില്‍ ആരോപിച്ചു.
കുട്ടിയുമായി നേരിട്ട് സംസാരിച്ചതിന് ശേഷമാണ് കോടതിയുടെ തീരുമാനം. നിലവില്‍ താമസിക്കുന്നവരോടൊപ്പം സന്തോഷത്തിലാണ് കുട്ടിയുള്ളതെന്നും അമ്മയോടൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്ന് കുട്ടി പറഞ്ഞതായും കോടതി ഉത്തരവില്‍ പറയുന്നു. അമ്മയോടൊപ്പം വിടരുതെന്ന് തങ്ങളോട് കുട്ടി അപേക്ഷിച്ചെന്നും അതവന്റെ ഹൃദയത്തില്‍ നിന്ന് വന്നതാണെന്നും കോടതി പറഞ്ഞു. കുട്ടിയുടെ ആഗ്രഹത്തിന് വിരുദ്ധമായ തീരുമാനമെടുത്താല്‍ അതവന്റെ പഠനത്തേയും വൈകാരികമായ ആഘാതത്തിനും കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി പരിഗണിക്കുന്നതിനിടെ മുന്‍കാലങ്ങളിലെ സമാനമായ മറ്റ് കോടതി ഉത്തരവുകള്‍ കൂടി പരാമര്‍ശിച്ചാണ് കോടതി ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്.