വെണ്‍മണി: വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് റോഡിൽ ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ മറ്റുള്ളവരോടൊപ്പം എത്തി ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് അയയ്ക്കുമ്പോള്‍ ആ അച്ഛൻ അറിഞ്ഞില്ല, അത് സ്വന്തം മകളായിരുന്നുവെന്ന്.കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം.
വെണ്‍മണി ചെറിയാലുംമൂട്ടിലാണ് സ്‌കൂട്ടര്‍ വീടിന്റെ മതിലിലിടിച്ചുണ്ടായ അപകടത്തില്‍ വെണ്‍മണി പഞ്ചായത്ത് 12-ാം വാര്‍ഡ് പുതുശ്ശേരി മുറിയില്‍ സജിമോന്റെ മകള്‍ സിംനാ സജി (15) മരിച്ചത്.
ബന്ധു ഓടിച്ച സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. സിംന അപകടത്തില്‍പെടുമ്പോള്‍ മരംവെട്ടു തൊഴിലാളിയായ അച്ഛന്‍ സജിമോന്‍ 200 മീറ്റര്‍ മാറി സ്വകാര്യ പുരയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു. സംഭവം കണ്ട് അവിടെ ഓടിയെത്തിയെങ്കിലും കഴുത്തിനും മുഖത്തുമേറ്റ പരിക്കുമൂലം രക്തം വാര്‍ന്നൊഴുകിയിരുന്നതിനാല്‍ മകളാണെന്ന് ആദ്യം മനസ്സിലായില്ല.
ഓടിയെത്തി മറ്റുള്ളവര്‍ക്കൊപ്പം ഓട്ടോയില്‍ കയറ്റാനും സഹായിച്ചു. തുടര്‍ന്ന് അവിടെനിന്ന് മടങ്ങിയ സജിയെ, സിംനയെ ആശുപത്രിയില്‍ എത്തിച്ചവരാണ് അപകടത്തില്‍പ്പെട്ടത് മകളാണെന്ന് അറിയിച്ചത്. കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിംന മരിച്ചിരുന്നു.
വെണ്‍മണി ലോഹ്യ മെമ്മോറിയല്‍ എച്ച്.എസില്‍ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അപകടത്തില്‍ ബന്ധുവിന് കാര്യമായ പരിക്കില്ല. അമ്മ: ഷൈനി (കുവൈത്തിലാണ്). സഹോദരങ്ങള്‍: സോനാ സജി, സ്‌നേഹാ സജി.