Share this Article
image
പ്രശസ്‌ത ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ (90) അന്തരിച്ചു
Renowned singer and music director K.G. Jayan (90) passed away

പ്രശസ്‌ത ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. ചലച്ചിത്ര ഗാനങ്ങളോളം ജനപ്രിയത ഭക്തിഗാനങ്ങള്‍ക്ക് നേടിക്കൊടുത്ത സംഗീതജ്ഞന്‍ ആയിരുന്നു ജയൻ

ഇരട്ട സഹോദരനായ കെ.ജി  വിജയനൊത്തും അല്ലാതെയും സൃഷ്ടിച്ച ഗാനങ്ങളെല്ലാം മലയാളമനസ്സില്‍ ഒരേ പോലെ ചേക്കേറിയവയാണ്.കെ.ജി ജയന്റെ വിയോഗം ബാക്കിയാക്കുന്നത് സംഗീതലോകത്ത് ഒരിക്കലും നികത്താനാവാത്ത വിടവാണ്

വിജയനുമൊത്ത് മലയാള സംഗീത രംഗത്ത് ഭക്തി ഗാനധാരയ്ക്കു തന്നെ ഇദ്ദേഹം തുടക്കമിട്ടു. ജയ-വിജയന്‍മാര്‍ എന്ന പേരില്‍ ഈ സംഗീത യുഗ്മം മലയാളികളുടെ മനസില്‍ മായാത്ത മുദ്ര പതിപ്പിച്ചു.10 വര്‍ഷത്തിലധികം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലും 6 വര്‍ഷത്തോളം ഡോ. ബാലമുരളീകൃഷ്ണയുടെ കീഴിലും സംഗീതം അഭ്യസിച്ചു.1968 ല്‍ ഭൂമിയിലെ മാലാഖമാരിലൂടെ ചലച്ചിത്ര രംഗത്തേക്ക് ചുവടുവച്ചു.

നിറകുടം എന്ന ചിത്രത്തിലെ നക്ഷത്രദീപങ്ങള്‍ തിളങ്ങി എന്ന മാസ്റ്റര്‍പീസിലൂടെ ജയവിജയന്‍മാര്‍ ചലച്ചിത്ര ഗാനരംഗത്തെ തങ്ങളുടെ പേരില്‍ അടയാളപ്പെടുത്തി.

1988 ല്‍ സഹോദരനായ വിജയന്റെ മരണശേഷം, തനിച്ചായെങ്കിലും നിര്‍ബാധം തുടര്‍ന്ന ആ സംഗീതധാര പിന്നെയും അമൂല്യങ്ങളായ നിരവധി ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ചു.1993 ല്‍ പുറത്തിറക്കിയ മയില്‍പ്പീലി എന്ന ആല്‍ബം ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍ എന്ന ഒറ്റ ഗാനം കൊണ്ടു തന്നെ സ്വീകാര്യത നേടി.

മലയാളികളുടെ മനസ്സില്‍ ഭക്തി എന്ന വാക്കിന്റെ ശബ്ദമായി മാറിയ സംഗീത യുഗ്മത്തിന്റെ മറു പാതി കൂടി വിട പറയുമ്പോള്‍ സംഗീതരംഗത്തെ ഒരു യുഗത്തിന് അന്ത്യമാവുകയാണ്. ചലച്ചിത്ര ഗാനങ്ങളിലും ഭക്തിഗാനങ്ങളിലും ശബ്ദമായും ഈണമായും ജീവിച്ച മഹാപ്രതിഭയ്ക്ക് മലയാളത്തിന്റെ ആദരാജ്ഞലി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories