ഗാസയില്‍ വെടി നിര്‍ത്തല്‍ പ്രതീക്ഷകള്‍ക്ക് ആക്കമേകിക്കൊണ്ട് ഹമാസ് സംഘം ചര്‍ച്ചയ്ക്കായി ഈജിപ്തിലേക്ക്.യുദ്ധമുഖരിതമായ പശ്ചിമേഷ്യയില്‍ വെടി നിര്‍ത്തലിനുള്ള സമയമായിരിക്കുന്നു എന്ന് പുതിയ കരാറിനുള്ള നിര്‍ദ്ദേശം മുന്നോട്ടു വച്ചുകൊണ്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പറഞ്ഞു.
തുടര്‍ന്നു കൊണ്ടിരിക്കുന്ന ഇസ്രയേല്‍ -പലസ്തീന്‍ യുദ്ധത്തില്‍ കൂടുതല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഹമാസിന്റെ പ്രതിനിധി സംഘം ഉടന്‍ ഈജിപ്ത് സന്ദര്‍ശിക്കുമെന്ന് ഹമാസ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഈജിപ്തിലെ ഇന്റലിജന്‍സ് മേധാവി അബ്ബാസ് കമേലുമായി ഹമാസ് മേധാവി ഇസ്മായില്‍ ഹനിയേ നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് വെടിനിര്‍ത്തലിനായുള്ള പുതിയ നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാണെന്ന് ഹമാസ് ഔദ്യോഗികമായി അറിയിച്ചത്.ഇസ്രായേലിന്റെ ഏറ്റവും പുതിയ നിലപാട് ലഭിച്ചിട്ടുണ്ടെന്നും മറുപടി സമര്‍പ്പിക്കുന്നതിന് മുമ്പ് അത് പഠിക്കേണ്ടതുണ്ടെന്നും ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഹമാസ് സംഘം കെയ്റോയില്‍ എത്തുമെന്ന് ഉന്നതതല ഈജിപ്ഷ്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സ്റ്റേറ്റ് അഫിലിയേറ്റഡ് മാധ്യമമായ അല്‍-ഖഹറ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കെയ്റോയില്‍ നടക്കാന്‍ പോകുന്ന ചര്‍ച്ചകള്‍ 'നമ്മുടെ ജനങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുകയും ആക്രമണം അവസാനിപ്പിക്കുകയും ചെയ്യുന്ന ഒരു കരാര്‍ ഉണ്ടാക്കുക' എന്ന ലക്ഷ്യത്തോടെയാണെന്ന് ഹമാസിന്റെ പ്രസ്താവനയില്‍ പറയുന്നു.
അതേ സമയം വെടിനിര്‍ത്തലിനായി ഒരു കരാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഹമാസിന്റെ അനുകൂല പ്രതികരണത്തിനാണ് മധ്യസ്ഥര്‍ കാത്തു നില്‍ക്കുന്നതെന്നും ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.40 ദിവസത്തെ വെടിനിര്‍ത്തലും കൂടുതല്‍ ഫലസ്തീന്‍ തടവുകാര്‍ക്ക് പകരമായി 30-ലധികം ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതുമാണ് ഈ കരാര്‍.