Share this Article
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാര നിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കി

An order was issued amending the driving test reform proposals

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാര നിർദേശങ്ങളിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി. ഒരു ദിവസം 40 ടെസ്റ്റ് നടത്തും. 15 വർഷം പഴക്കമുള്ള ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ മാറ്റാൻ ആറുമാസത്തെ സാവകാശം നൽകി. ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുതുക്കിയത്. അതേസമയം, പുതുക്കിയ സർക്കുലറിലും ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സംഘടനകൾക്ക് എതിർപ്പുണ്ടെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞദിവസം അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ സാന്നിധ്യത്തിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങളും അതിൽ മന്ത്രി വരുത്തിയ ഭേദഗതികളും ചേർത്താണ് ഗതാഗത വകുപ്പ് സർക്കുലർ പുതുക്കിറക്കിയത്. 

ആദ്യഘട്ടത്തിൽ 30 ടെസ്റ്റുകൾ വരെ നടത്താനായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. എന്നാൽ, എതിർപ്പിനെ തുടർന്ന് നിലവിലത് നാൽപ്പതാക്കി ഉയർത്തിയിട്ടുണ്ട്. അതായത്, ഒരു ദിവസം 25 പുതിയ അപേക്ഷകരുണ്ടാകും. 15 പേർ റീടെസ്റ്റ് എന്നതായിരുന്നു ക്രമം. H ടെസ്റ്റ് പഴയ പോലെ നടത്താമെന്നും സർക്കുലർ വ്യക്തമാക്കുന്നു.

15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. എന്നാൽ, പുതുക്കിയ തീരുമാനപ്രകാരം അത്തരം വാഹനങ്ങൾ ആറുമാസം കൊണ്ട് മാറ്റണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ ക്യാമറ ഘടിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ നിർദ്ദേശ പ്രകാരം ക്യാമറ ഘടിപ്പിക്കാൻ മൂന്നുമാസത്തെ സാവകാശം നൽകി. 

ഗ്രൗണ്ട് സജ്ജമാകാത്ത സ്ഥലങ്ങളിൽ നിലവിലെ രീതിയിൽ ടെസ്റ്റ് തുടരാമെന്നും സർക്കലുറിലുണ്ട്. ഡ്രൈവിംഗ് പഠിപ്പിക്കുന്ന വാഹനങ്ങളിൽ ഡ്രൈവർ സീറ്റിൽ മാത്രമേ ഇനി ക്ലച്ചും ബ്രേക്കും പാടുള്ളൂവെന്നും ഇടത്തെ സീറ്റിൽ നിന്ന് ഒഴിവാക്കണമെന്നും ഭേദഗതിയിൽ പറയുന്നു. 

 അതേസമയം ചില നിർദേശങ്ങളിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്ക് വീണ്ടും എതിർപ്പുണ്ടെന്നാണ് വിവരം. സർക്കുലർ അംഗീകരിക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും അനുകൂല സംഘടനകളും തീരുമാനമെടുത്തിട്ടില്ല.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories