ടി.പി.ചന്ദ്രശേഖരന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 13 വയസ്. ടി.പിയുടെ കൊലപാതകം നടന്ന് ഒരു വ്യാഴവട്ടക്കാലം പിന്നിടുമ്പോഴും ആ മുറിവ് ഉണങ്ങിയിട്ടില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയായി ടി.പി.എന്ന രക്തസാക്ഷി ജ്വലിച്ചു തന്നെ നിന്നു.
ചില മനുഷ്യര്‍ അങ്ങനെയാണ്. മരണത്തിന് ശേഷവും സമൂഹത്തിന്റെ ജൈവികതയില്‍ തഴച്ചങ്ങനെ വളരും. ടി.പി.ചന്ദ്രശേഖരന്‍ അവരില്‍ ഒരാളാണ്. 2012 മെയ് 4. നിരവധി സമര പോരാട്ടങ്ങളുടെ ചുടു നിണം ഒഴുകിയ ഒഞ്ചിയം വീണ്ടും ചുവന്നു. രാഷ്ട്രീയ വൈരത്തിന്റെ വിഷം പുരട്ടിയ വാളുകളുമായി കൊലയാളി കൊലയാളി സംഘം ടി പിയെ വെട്ടി വീഴ്ത്തി.
സിപിഎമ്മിലെ പ്രത്യയശാസ്ത്ര വ്യതിചലനത്തിനെതിരെ റവല്യൂഷ്ണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച് ആശയപരമായ ചങ്കുറപ്പോടെ നിന്നതിനായിരുന്നു ആ മരണ ശിക്ഷ. ക്രൂരമായ ആ അരും കൊലയില്‍ കേരളം ഞെട്ടി. കൊല സംഘത്തിന്റെ വേരുകള്‍ ചെന്നെത്തി നിന്നതാകട്ടെ അറിയപ്പെടുന്ന സിപിഎം നേതാക്കളിലും.
കേസില്‍ മൂന്ന് സിപിഎം നേതാക്കളും 7 കൊലയാളി സംഘാംഗങ്ങളും ശിക്ഷിക്കപ്പെട്ടു. വിചാരണ കോടതി വെറുതെവിട്ട രണ്ട് സിപിഐഎം നേതാക്കളെ കൂടി ഉള്‍പ്പെടുത്തി ഹൈക്കോടതി പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ആ വിധിയോടെ തെരഞ്ഞെടുപ്പ് വേദികളിലും ടിപി വധം വീണ്ടും ചര്‍ച്ചയായി.
മരണത്തിന് ശേഷവും ടി പി എത്ര കരുത്തനാണെന്ന് കാലം ബോധ്യപ്പെടുത്തി. പൊന്നാപുരം കോട്ടയായി കരുതപ്പെട്ടിരുന്ന വടകരയില്‍ സിപിഎം പിന്നെ പച്ച തൊട്ടിട്ടില്ല. ഇനിയിപ്പോള്‍ കലണ്ടര്‍ താളുകള്‍ എത്ര മറിഞ്ഞാലും ടി പി ചന്ദ്രശേഖരന്റെ ചുടു ചോരയില്‍ പൊള്ളിയടര്‍ന്ന രാഷ്ട്രീയ മുഖം മിനുക്കി എടുക്കാന്‍ കാലം ഒരുക്കുന്ന മറവിയുടെ ഔഷധക്കൂട്ടുകള്‍ മതിയാകാതെ വരും .