കൊച്ചി: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റും കേരളവിഷൻ പ്രഥമ ചെയർമാനുമായിരുന്ന എൻ എച്ച് അൻവറിൻ്റെ സ്മരണാർത്ഥം എൻ എച്ച് അൻവർ ട്രസ്റ്റ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മാധ്യമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ എംജി രാധാകൃഷ്ണൻ ഏറ്റുവാങ്ങി. സാഹിത്യകാരൻ എൻ എസ് മാധവൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
മുൻപ് എങ്ങും ഇല്ലാത്ത വിധം മാധ്യമ രംഗം ഇക്കാലത്ത് വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്ന് എംജി രാധാകൃഷ്ണൻ പറഞ്ഞു.
പുരസ്കാര ജേതാക്കൾക്ക് ആശംസ നേർന്ന എൻ എസ് മാധവൻ മാധ്യമങ്ങളുടെ പക്ഷപാത നിലപാടുകളെ ഓർമ്മിപ്പിച്ചു.
എൻ എച്ച് അൻവറിൻ്റെ എട്ടാം ചരമ വാർഷിക ദിനത്തിലായിരുന്നു അൻവർ അനുസ്മരണവും മാധ്യമ പുരസ്കാരങ്ങളുടെ വിതരണവും നടന്നത്. എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിന് സാക്ഷിയായത് മാധ്യമ സാംസ്കാരിക മേഖലയിലെ പ്രമുഖരും ഓപ്പറേറ്റർമാരും, അടക്കം നിരവധി ആളുകളാണ്.
സാറ്റലൈറ്റ് മാധ്യമത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ ശ്രാവൺ കൃഷ്ണ ഏറ്റുവാങ്ങി. ഏഷ്യാനെറ്റ് റിപ്പോർട്ടർ സുഹൈൽ അഹമ്മദ് ജൂറി പരാമർശം ഏറ്റുവാങ്ങി.
കേബിൾ ടിവി ചാനൽ വിഭാഗത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം ദൃശ്യ ന്യൂസിലെ ജോജു ജോസഫും ക്യാമറ പേഴ്സണുള്ള പുരസ്കാരം വയനാട് വിഷനിലെ ഷീലറ്റ് സിജോയും വിഷ്വൽ എഡിറ്റർക്കുള്ള പുരസ്കാരം വയനാട് വിഷനിലെ പ്രശോഭ് ജയകുമാറും ഏറ്റുവാങ്ങി.
ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി എം ജി സുരേഷ് കുമാർ സ്മാരക പ്രഭാഷണം നടത്തി. എൻ എച്ച് അൻവർ ട്രസ്റ്റ് സെക്രട്ടറി കെ വി രാജൻ സിഒഎ സംസ്ഥാന പ്രസിഡൻ് പ്രവീൺ മോഹൻ, സിനിമ മാധ്യമ നിരൂപകൻ സി എസ് വെങ്കിടേശ്വരൻ, എൻ എച്ച് അൻവർ ട്രസ്റ്റ് ചെയർമാൻ എസ് കെ അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.