മോട്ടോർ വാഹനവകുപ്പും സമരക്കാരും കടുംപിടുത്തം തുടരുന്നതോടെ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധി തുടരുന്നു. സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ വ്യക്തമാക്കി. തിരുവനന്തപുരത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി.
സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം ശക്തമായതോടെ പലയിടത്തും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങിയിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പൂർണമായി മുടങ്ങി.
മുട്ടത്തറയിൽ 40 സ്ലോട്ട് എടുത്തിട്ടും റെസ്റ്റിനായി ആരും ഹാജരായില്ല. ടെസ്റ്റ് നടത്താതെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി. ടെസ്റ്റിലെ പുതിയ പരിഷ്‌കാരങ്ങൾ പലതും പുന:പരിശോധിച്ചാൽ മാത്രമേ സമരത്തിൽ നിന്ന് പിന്നോട്ടുള്ളു എന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ സംയുക്ത സമരസമിതി ഇന്നലെ സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരുന്നു.
അതോടൊപ്പം, മുട്ടത്തറയിൽ റെസ്റ്റിനായി എത്തിയവരെ പ്രതിഷേധക്കാർ തടയുകയും ചെയ്തിരുന്നു. സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധങ്ങൾ അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് തന്നെയാണ് സമരസമിതി അറിയിച്ചിരിക്കുന്നത്.