ന്യൂഡൽഹി: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു. ഇന്ന് രാവിലെ 9.28ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ച് കഴിഞ്ഞ മൂന്നു മാസമായി ചികിത്സയിലായിരുന്നു. അസുഖം ഗുരുതരമായതിനെ തുടർന്ന് രണ്ടാഴ്ച മുൻപ് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
നേപ്പാളിലെ രാജകുടുംബാംഗമാണ് മാധവി. മുൻ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ ഭാര്യയാണ്. മധ്യപ്രദേശിലെ ഗ്വാളിയാറിലെ വസതിയിലായിരിക്കും സംസ്കാര ചടങ്ങുകൾ. സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവയായിരുന്നു മാധവി, സിന്ധ്യ കന്യ വിദ്യാലയത്തിന്റെ ബോർഡ് ഓഫ് ഗവർണേഴ്സിന്റെ ചെയർപഴ്സണായിരുന്നു.