കാന്‍ ചലച്ചിത്രോത്സവത്തില്‍ പാതിമുറിച്ച തണ്ണിമത്തനുമായി കനി കുസൃതി പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരിക്കയാണ്. തണ്ണിമത്തന്‍ വീണ്ടും പലസ്തീനായി വാര്‍ത്തകളില്‍ നിറയുകയാണ്.
തണ്ണിമത്തന്‍ പലസ്തീന്‍ ജനതയുടെ അതിജീവനത്തിന്റെ പ്രതീകമായിട്ട് കാലം കുറച്ചധികമായി. കൃത്യമായി പറഞ്ഞാല്‍ 57 വര്‍ഷം. 1967 ലെ സിക്‌സ് ഡേ വാര്‍ എന്നറിയപ്പെടുന്ന യുദ്ധത്തില്‍ ഇസ്രയേല്‍ ഗാസയും വെസ്റ്റ് ബാങ്കും കിഴക്കന്‍ ജെറുസലേമും പിടിച്ചെടുത്തു.
ഒപ്പം പലസ്തീന്‍ പതാകയെ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റവുമാക്കി. ഇതോടെ ഇസ്രയേലിന്റെ കിരാത നിയമത്തെ പലസ്തീന്‍ ജനത അതിജീവിച്ചു. പാതിമുറിച്ച തണ്ണിമത്തനുമായി. അതിജീവനത്തിന്റെ സുദീര്‍ഘമായ ചരിത്രം പറഞ്ഞുകൊണ്ട്.
തണ്ണിമത്തന്‍ കഷണം പലസ്തീന്‍ പതാകയുടെ എല്ലാ നിറവുമുള്‍ക്കൊള്ളുന്നതാണ്. ചുവപ്പും കറുപ്പും വെളുപ്പും പച്ചയും നിറഞ്ഞ തണ്ണിമത്തന്‍ പലസ്തീന്‍ പതാകയുടെ പ്രതീകമായി. പലസ്തീന്റെ നിറങ്ങളോട് പോലും ഇസ്രയേല്‍ എതിര്‍ത്തു. എതിര്‍ത്തവരെ ഉന്മൂലനം ചെയ്തു.
1993ലെ ഒസ്ലോ ഉടമ്പടിയില്‍ ഇസ്രയേല്‍ പലസ്തീന്‍ പതാകയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കി. കാല്‍ നൂറ്റാണ്ടിനൊടുവില്‍ ഗാസയും വെസ്റ്റ് ബാങ്കും ഉള്‍പ്പെടുന്ന പലസ്തീനെ ഗാസ പാതിയെങ്കിലും അംഗീകരിച്ചു. കാലങ്ങളായി തുടര്‍ന്ന ഇന്നും തുടരുന്ന ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തിലെ ആദ്യ സമാധാനകരാര്‍ ആയിരുന്നു ഓസ്ലോ ഉടമ്പടി.
പതാകയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയ കാലത്ത് ചിത്രകാരന്‍ സ്ലീമന്‍ മസൂറിന്റെ ആര്‍ട് ഗാലറിയിലെ പതാകയുടെ ചിത്രങ്ങള്‍ നീക്കവെ ഇസ്രയേല്‍ പട്ടാളം പറഞ്ഞു പലസ്തീന്‍ പതാകയുടെ വര്‍ണങ്ങളോട് പോലും വെറുപ്പാണെന്ന്. എല്ലാം നീക്കം ചെയ്യും അത് ഒരു തണ്ണിമത്തന്‍ കഷ്ണമാണെങ്കില്‍ പോലും. അത് ഒരു തുടക്കമായിരുന്നു ഒരു കുഞ്ഞ് തണ്ണിമത്തന്‍ കഷ്ണം ലോകം മുഴുവന്‍ പലസ്തീന്റെ ശബ്ദമായി മാറി.
2023ല്‍ ശക്തി പ്രാപിച്ച ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തില്‍ വീണ്ടും തണ്ണിമത്തന്‍ കഷ്ണം പലസ്തീന്‍ അതിജീവനത്തിന്റെ പ്രതീകമായി. 2024 ജനുവരിയില്‍ പലസ്തീന്‍ പതാകയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള ബില്ല് ഇസ്രയേല്‍ കൊണ്ടുവന്നു, അന്ന് അത് പാസായില്ല.
എന്നാല്‍ വീണ്ടും തണ്ണിമത്തന്‍ കഷ്ണങ്ങള്‍ വാചാലമായി. അടങ്ങാത്ത സ്വാതന്ത്ര്യ ദാഹത്തിന്റെ , ജനാധിപത്യത്തിന്റെ, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കറുപ്പും വെളുപ്പും ചുവപ്പും പച്ചയും നിറഞ്ഞ പ്രതീകമായി....