ഫുജൈറ: യുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി യുവതി ഷാനിഫ ബാബു (37)വിന്റെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ.പരസ്പരം കണ്ടിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കൾ പലരും അനുശോചനം അറിയിച്ചുകൊണ്ടിരിക്കുന്നു. 10 ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള സമൂഹമാധ്യമ താരമാണ് ഷാനിഫ. ടിക്ടോക്കിലും ഇൻസ്റ്റാഗ്രാമിലും പതിവായി വീഡിയോ പോസ്റ്റ് ചെയ്യാറുള്ള ഇൻഫ്ലുവൻസർ കൂടിയായ യുവതിയെ എപ്പോഴും ചിരിച്ചു മാത്രമേ കണ്ടിട്ടുള്ളു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് സ്വദേശികളും അറബ് വംശജരുമെല്ലാം ഷാനിഫയുടെ വീഡിയോകൾ ഇഷ്ടപ്പെടുന്നവരാണ്. 'എന്നെ പ്രണയിക്കരുത്, ഞാൻ നിങ്ങളുടെ ഹൃദയം തകർക്കും' എന്നായിരുന്നു ഏറ്റവുമൊടുവിൽ വ്യാഴാഴ്ച പോസ്റ്റുചെയ്ത വീഡിയോയുടെ ക്യാപ്ഷൻ. ഉറുദു യുട്യൂബ് ചാനലുകളിൽ ഷാനിഫയുടെ മരണം വാർത്തയുമായി.
ഫുജൈറയിൽ നിർമാണ കമ്പനി നടത്തുന്ന തിരുവനന്തപുരം സ്വദേശിയായ ഭർത്താവ് സനൂജ് ബഷീർ കോയയും രണ്ട് പെൺമക്കളും ദുബായിൽ നിന്ന് എത്തിയ ഷാനിഫയുടെ മാതാവും ഫുജൈറ സെന്റ് മേരീസ് സ്‌കൂളിന് സമീപത്തുള്ള ഫ്ലാറ്റില്‍ ഉള്ളപ്പോഴായിരുന്നു ഷാനിഫ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചത്.
ഷാനിഫയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ഇവരുടെ കൂട്ടുകാർ പറയുന്നത്. ശനിയാഴ്ച രാവിലെ 9നായിരുന്നു സംഭവം. യുഎഇയിൽ വളർന്ന ഷാനിഫയുടെ കുടുംബം ഇവിടെ തന്നെയാണുള്ളത്. യുവതിയെ എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രമേ കാണാറുണ്ടായിരുന്നുള്ളൂവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഇവർക്കൊന്നും ഇപ്പോഴും പ്രിയ കൂട്ടുകാരിയുടെ മരണം വിശ്വസിക്കാനായിട്ടില്ല.
വളരെ സന്തോഷത്തോടെയായിരുന്നു ഷാനിഫയും കുടുംബവും ജീവിച്ചിരുന്നതെന്ന് ഇവരുമായി അടുപ്പമുള്ളവർ പറയുന്നു. എല്ലാവരുമായും തികഞ്ഞ സൗഹൃദമായിരുന്നു. ഇവരുടെ മക്കൾ കൊച്ചുകുട്ടികളാണ്. എന്താണ് സംഭവിച്ചതെന്ന് അറിയാൻ പോലും പ്രായമായിട്ടില്ലാത്ത അവരെക്കുറിച്ചോർക്കുമ്പോഴാണ് ഏറെ സങ്കടം. ഷാനിഫയ്ക്ക് വേണ്ടി പ്രാർഥിക്കാൻ സനൂജ് സമൂഹമാധ്യമത്തിലൂടെ അഭ്യർഥിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരുന്നു.
സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോൾ വിടപറഞ്ഞ രണ്ടാമത്തെ മലയാളി യുവതിയാണ് ഷാനിഫ. 2022 മാർച്ച് ഒന്നിന് ദുബായിലെ മലയാളി വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നു(21)വിനെ ജാഫിലിയ്യയിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് ബാലുശ്ശേരി കാക്കൂൽ സ്വദേശിനിയായ റിഫയുടെ മൃതദേഹം കബറിടത്തിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയതടക്കമുള്ള സംഭവവികാസങ്ങളിലേക്കു നീങ്ങി വിവാദമാകുകയും ചെയ്തു.