തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ പിറന്നുവീണ നവജാതശിശുവിന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ സമ്മാനം. തൃശൂർ അമല ആശുപത്രിയിലെത്തി കെഎസ്ആർടിസി അധികൃതർ സമ്മാനം കൈമാറി. സമയോചിതമായി ഇടപെട്ട കെഎസ്ആർടിസി ജീവനക്കാരെയും ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും അനുമോദിക്കുന്നതിനായി അനുമോദന യോഗവും സംഘടിപ്പിച്ചു.
തിരുനാവായ സ്വദേശിനിയാണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. തൃശൂരില്‍ നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ച് പ്രസവവേദന അനുഭവപ്പെട്ടു. തുടര്‍ന്ന്, ബസ് അമല ആശുപത്രിയിലേക്ക് തിരിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവം ഏതാണ്ടു പൂര്‍ത്തിയായിരുന്നു. ആശുപത്രിയിലെ ഡോക്ടറും നഴ്സും ബസില്‍വച്ച് തന്നെ പ്രസവമെടുത്തു.