ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ജൂണ്‍ ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 57 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസിയിലും അവസാനഘട്ടത്തിലാണ് വോട്ടെടുപ്പ്.
ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ബംഗാള്‍, ചണ്ഡീഗഡ് എന്നീ സംസ്ഥനങ്ങളിലെ മണ്ഡലങ്ങളാണ് അവസാനഘട്ടിത്തില്‍ ജനവിധി തേടുന്നത്. 57 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നായി 904 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദി,അനുരാഗ് ഠാക്കൂര്‍, മിസാ ഭാരതി, അഭിഷേക് ബാനര്‍ജി തുടങ്ങിയവയാണ് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. ഇത് മൂന്നാം തവണയാണ് മോദി വാരണാസിയില്‍ മത്സരിക്കുന്നത്. ഇക്കുറി ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
പഞ്ചാബില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ശിരോമണി അകാലിദളും ബി.ജെ.പിയും മത്സര രംഗത്തിറങ്ങിയതോടെ പല മണ്ഡലങ്ങളിലും കടുത്ത മത്സരത്തിന് വഴിയൊരുങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജാര്‍ഖണ്ഡിലും ബംഗാളിലും രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലുമാണ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ബംഗാളില്‍ രാഷ്ട്രീയ നേട്ടത്തിനായാണ് പൗരത്വ നിയമഭേദഗതിയെ മമതയും പാര്‍ട്ടി നേതാക്കളും എതിര്‍ക്കുന്നതെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. രാജ്യത്ത് ഇന്ത്യ മുന്നണിക്ക് അനുകൂല തരംഗമാണെന്നും അധികാരത്തിലെത്തിയാല്‍ അഗ്നി പഥ് പദ്ധതി പിന്‍വലിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.
അവസാനഘട്ടത്തിന്റെ പ്രചാരണവേളയിയിലും ആരോപണ പ്രത്യാരോപണങ്ങളുമായാണ് മുന്നണികളും നേതാക്കളും രംഗത്തെത്തിയത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.