തിരുവനന്തപുരം∙ സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഇടതു കോട്ടയായി അറിയപ്പെട്ടിരുന്ന ആറ്റിങ്ങള്‍ രണ്ടാം വട്ടവും അടൂര്‍ പ്രകാശ് കൈപ്പിടിയിലൊതുക്കിയത്. അടൂര്‍ പ്രകാശ് 3,28,051 വോട്ടും എൽഡിഎഫ് സ്ഥാനാർഥിയായ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി 3,27,367 വോട്ടും വി. മുരളീധരന്‍ 3,11,779 വോട്ടും നേടി. പോള്‍ ചെയ്ത വോട്ടുകളില്‍ പുനഃപരിശോധന നടത്തിയ ശേഷമാണ് 684 വോട്ടിന്റെ ഭൂരിപക്ഷത്തിന് അടൂര്‍ പ്രകാശ് വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്.
പ്രകാശ് എന്നു പേരുള്ള രണ്ട് സ്ഥാനാര്‍ഥികള്‍ ചേർന്ന് ഇവിടെ 2625 വോട്ട് സ്വന്തമാക്കി. 9791 വോട്ട് നോട്ടയ്ക്കായിരുന്നു. ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ അടൂര്‍ പ്രകാശായിരുന്നു മുന്നില്‍. വര്‍ക്കല മാത്രമാണ് വി. ജോയി ഒന്നാമതെത്തിയത്. ആറ്റിങ്ങലിലും കാട്ടാക്കടയിലും വി.മുരളീധരന്‍ ഒന്നാമതെത്തി. ആറ്റിങ്ങലില്‍ മുരളീധരന്‍ ഇരുമുന്നണികളേക്കാളും 6287 വോട്ടും കാട്ടാക്കടയില്‍ 4779 വോട്ടും അധികം നേടി.
2019ലെ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മാത്രമായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.സമ്പത്ത് നേരിയ ലീഡ് നേടിയത്.