ടി.പി.ചന്ദ്രശേഖരൻ വധകേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ നീക്കം.3 പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനായി പൊലീസിന് കത്ത് നൽകി.
ടി.പി ചന്ദ്രശേഖരൻ വധകേസിലെ കൊലയാളി സംഘത്തിന് നേതൃത്വം നൽകിയ ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരെ ശിക്ഷ ഇളവ് നൽകി വിട്ടയക്കാനാണ് നീക്കം. ഇതിൻ്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട് കത്ത് നൽകി. ഇളവില്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾക്കാണ് ശിക്ഷ ഇളവ് നൽകി വിട്ടയക്കാനുള്ള നീക്കം നടക്കുന്നത്.
വിചാരണ കോടതി ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇവരുടെ അപ്പീൽ തളളിയാണ് പ്രതികൾക്ക് ശിക്ഷ വർധിപ്പിച്ചത്. പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കം നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കെ.കെ.രമ എം.എൽ എ കേരള വിഷൻ ന്യൂസിനോട് പ്രതികരിച്ചു.
ജയിലിൽ കഴിയുന്ന പ്രതികൾക്ക് ശിക്ഷ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മാർഗനിർദേശം നിലവിലുണ്ട്.ഇതിൻ്റെ മറവിലാണ് ടി.പി വധക്കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കം നടക്കുന്നത്. കേരളത്തെ പിടിച്ചുലച്ച രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നായ ടി.പി.കേസിലെ പ്രതികളെ വിട്ടയക്കാനുള്ള നീക്കം നിയമസഭയിലും ചർച്ചയാകുമെന്നുറപ്പാണ്.