Share this Article
സര്‍ക്കാരിനെതിരെ SFI; +1 സീറ്റ് പ്രതിസന്ധിയില്‍ നാളെ മലപ്പുറം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും
+1 seat crisis ; sfi will march to Malappuram Collectorate tomorrow

മലബാറിലെ സീറ്റ് പ്രതിസന്ധി വിഷയത്തിൽ സർക്കാരിനെതിരെ എസ്എഫ്ഐയും സമരരംഗത്തേക്ക്. എസ്എഫ്ഐയുടെ നേതൃത്വത്തിൽ നാളെ മലപ്പുറം കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം ആക്കിയതിലും പിന്നാലെയാണ് സിപിഐഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയും രംഗത്ത് വരുന്നത്.

മലബാറിലെ 80,000 ഓളം വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കുന്ന വിഷയമാണ് പ്ലസ് വൺ സീറ്റ് പ്രതിസന്ധി. ഇതിനെതിരെ നേരത്തെ തന്നെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളായ കെഎസ്‌യുവും എസ്എഫ്ഐയും രംഗത്ത് വന്നിരുന്നു. കോഴിക്കോട് ഇന്നലെ കെ എസ് യു- എം എസ് എഫ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയും പ്രതിഷേധിച്ചിരുന്നു.

അതിനെ പിന്നാലെയാണ് വിഷയം ഉയർത്തിപ്പിടിച്ച് സിപിഐഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയും സമരവുമായി രംഗത്തുവരുന്നത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ മലപ്പുറം കളക്ടറേറ്റിലേക്കാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സമരം നടത്തുന്നത്.

ഇതോടെ വിദ്യാഭ്യാസ വകുപ്പാണ് ഏറെ പ്രതിരോധത്തിലാകുന്നത്. മലബാറിൽ കാര്യമായ സീറ്റ് പ്രതിസന്ധി ഇല്ല എന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ എസ്എഫ്ഐ സമര രംഗത്തിറങ്ങുന്നത് വിദ്യാഭ്യാസ വകുപ്പിന് വലിയ തിരിച്ചടിയാണ്.

മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്ക് പോലും സീറ്റ് ലഭിക്കാത്ത സ്ഥിതിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ രോഷാകുലരാണ്. ഈ സാഹചര്യം മനസ്സിലാക്കിയാണ് എസ്എഫ്ഐ സമരരംഗത്തേക്ക് ഇറങ്ങുന്നത്. വിഷയത്തിൽ ഇതോടെ അടിയന്തര പരിഹാരം ഉണ്ടാകുമെന്നാണ് പൊതുസമൂഹവും പ്രതീക്ഷിക്കുന്നത്.

  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories