Share this Article
image
ഇടിമുറിയിലൂടെ വളര്‍ന്ന പ്രസ്ഥാനമല്ല SFI; മുഖ്യമന്ത്രി
CM defends SFI in Kariyavattam campus student conflict in assembly

കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥി സംഘർഷത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ. ഇടിമുറിയിലൂടെ വളർന്ന പ്രസ്ഥാനമല്ല എസ്എഫ്ഐയെന്ന് ആയിരുന്നു മുഖമന്ത്രിയുടെ മറുപടി.

ഈ ഗുണ്ടാപ്പട സിപിഐഎമ്മിനെയും കൊണ്ടേ പോകൂയെന്ന് പ്രതിപക്ഷനേതാവ് തിരിച്ചടിച്ചു. എസ്എഫ്ഐ കേരളത്തിൽ ബാധ്യതയായി മാറിയെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ എം വിൻസന്റ് എംഎൽഎയും ആരോപിച്ചു.

കാര്യവട്ടം ക്യാമ്പസിലെ ഇടിമുറിയിൽ കെഎസ്‌യു നേതാവിനെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയും  ശ്രീകാര്യം സ്റ്റേഷനു മുന്നിലുണ്ടായ സംഘർഷങ്ങളും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എം വിൻസന്റ് MLA ആണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്.

പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിലല്ല  ഇടിമുറിയുടെ പിൻബലത്തിലാണ് എസ്എഫ്ഐ പ്രവർത്തിക്കുന്നതെന്നും, പൊലീസുകാർ നോക്കിനിൽക്കെ തന്നെ മർദ്ദിച്ചെന്നും എം വിൻസന്റ് എംഎൽഎ പറഞ്ഞു.

സംഘർഷത്തിൽ യാതൊരു രാഷ്ട്രീയ വിവേചനവും ഇല്ലാതെയാണ് നടപടി സ്വീകരിച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ക്യാമ്പസുകളിൽ ഇടിമുറിയുണ്ടെന്ന ആരോപണം തള്ളി. എസ്എഫ്ഐയെ ബോധപൂർവ്വം താറടിച്ചു കാണിക്കാൻ ശ്രമമെന്നും പിണറായി വിജയൻ.

മുഖ്യമന്ത്രിയുടെ പ്രസംഗം എന്ത് വൃത്തികേടിനും ലൈസൻസ് നൽകുന്നതാണെന്നും, നെറികെട്ട രാഷ്ട്രീയത്തിന്റെ ഇൻക്യുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടാപ്പട നിങ്ങളെയും കൊണ്ടേ പോകുവെന്നും പ്രതിപക്ഷനേതാവ്.

അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്ലാക്കാർഡുകൾ ഉയർത്തി ബഹളം തുടർന്നതോടെ നടപടികൾ വേഗത്തിലാക്കി സഭ നേരത്തെ പിരിഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories