ഇന്ത്യയിലെ ഗ്രാമീണമേഖലകളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. നിലവിലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 23 ശതമാനം വര്‍ധനവാണ് ഇന്‍ഷുറന്‍സ് പോളിസികളില്‍ ഉണ്ടായിരിക്കുന്നത്.
രാജ്യത്ത് 12 ശതമാനത്തോളം വര്‍ധനവാണ് പുതിയ പോളിസി ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. ഇതില്‍ ഗ്രൂപ്പ് പോളിസികളുടെ എണ്ണത്തിലും 15 ശതമാനത്തോളം വര്‍ധനവുണ്ട്. ഈ വര്‍ഷം 21 ലക്ഷത്തോളം പുതിയ പോളിസികള്‍ വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം 73000 കോടി രൂപയുണ്ടായിരുന്ന ആദ്യ പ്രീമിയം അടവ് സംഖ്യ 2024 ജൂണില്‍ 89726 കോടിയിലേക്ക് എത്തി. ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പ്രകാരം മൂന്‍പ് നഗരവാസികളാണ് അധികവും ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉപഭോക്താക്കളെങ്കില്‍ ഇപ്പോള്‍ ഗ്രാമീണമേഖലകളിലെ ജനങ്ങളും ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രധാന്യത്തെപ്പറ്റി ബോധവാന്‍മാരാണ്.
ജീവന് സുരക്ഷ എന്നതിലുപരി നിക്ഷേപം എന്ന നിലയിലും ജനങ്ങള്‍ ലൈഫ് ഇന്‍ഷുറന്‍സിനെ കണ്ടുതുടങ്ങിയതിന്റെ മാറ്റവും കണക്കുകളില്‍ പ്രകടമാണ്. വര്‍ധിച്ചുവരുന്ന വരുന്ന ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ് നിയമനങ്ങളും വര്‍ധനവിന് കാരണമായിട്ടുണ്ടെന്നതും പ്രധാനമാണ്.
2 ശതമാനത്തിനടുത്ത് വര്‍ധനവാണ് രാജ്യത്തെ ഇന്‍ഷുറന്‍സ് ഏജന്റുമാരില്‍ ഉണ്ടായിട്ടുള്ളത്. നിരവധി ഏജന്റുമാരാണ് വിദൂരഗ്രാമങ്ങളില്‍ പോലും കാര്യക്ഷമമായി പ്രവര്‍ത്തിച്ചുപോരുന്നത്.