Share this Article
ഓർഡർ ചെയ്ത മോമോസ് വന്നില്ല,133 രൂപ പോയി; സൊമാറ്റോ 60,000 രൂപ നഷ്​ടപരിഹാരം കൊടുക്കണമെന്ന് കോടതി
വെബ് ടീം
posted on 13-07-2024
1 min read
-consumer-court-orders-zomato-to-pay-rs-60000-compensation-to-consumer

ധാർവാഡ്: ഓൺലൈൻ വഴി ഓര്‍ഡര്‍ ചെയ്​ത ഭക്ഷണം എത്തിച്ച് നല്‍കാതിരുന്ന സൊമാറ്റോ ഉപഭോക്​താവിന് 60,000 രൂപ നഷ്​ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. കര്‍ണാടക ഉപഭോക്തൃ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ജൂലൈ മൂന്നിനാണ് ധാർവാഡിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ശീതള്‍ എന്ന യുവതിയാണ് സൊമാറ്റോക്കെതിരെ നിയമ പോരാട്ടം നടത്തിയത്. 

2023 ഓഗസ്റ്റ് 31-ന് ശീതൾ സൊമാറ്റോ വഴി മോമോസ് ഓർഡർ ചെയ്തു. ജി-പേ വഴി 133.25 രൂപ അടക്കുകയും ചെയ്​തു. 15 മിനിറ്റിനുശേഷം,  ഓർഡർ ചെയ്​ത ഭക്ഷണം ഡെലിവർ ചെയ്തതായി ശീതളിന് ഒരു സന്ദേശം ലഭിച്ചു. എന്നാൽ, തനിക്ക് ഓർഡർ ലഭിച്ചിട്ടില്ലെന്നും ഒരു ഡെലിവറി ഏജന്‍റും തന്‍റെ വീട്ടില്‍ വന്നിരുന്നില്ലെന്നുമാണ് ശീതള്‍ പറയുന്നത്.  റെസ്റ്റോറന്‍റില്‍ അന്വേഷിച്ചപ്പോള്‍  ഡെലിവറി ഏജന്‍റ്  ഓർഡർ ചെയ്​ത ഭക്ഷണം കൊണ്ടുപോയതായതായും അറിഞ്ഞു. തുടര്‍ന്ന് വെബ്‌സൈറ്റ് വഴി ഡെലിവറി ഏജന്‍റിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ല. പിന്നാലെ ശീതൾ സൊമാറ്റോയോട് ഇമെയിൽ വഴി പരാതിപ്പെട്ടപ്പോള്‍ പ്രതികരണത്തിനായി 72 മണിക്കൂർ കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. സൊമാറ്റോയില്‍ നിന്നും പ്രതികരണമൊന്നും ലഭിക്കാതായതോടെ കഴിഞ്ഞ വര്‍ഷം സെപ്​റ്റംബര്‍ 13ന് ശീതള്‍ ഒരു ലീഗല്‍ നോട്ടീസ് അയച്ചു. കോടതിയിലെത്തിയ സൊമാറ്റോ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഉപഭോക്താവിന്‍റെ പരാതിക്ക് 72 മണിക്കൂറിനകം മറുപടി നല്‍കാതിരുന്ന സൊമാറ്റോയുടെ പ്രതികരണം വിശ്വസനീയമല്ലെന്നാണ് കോടതി പറഞ്ഞത്. 

ഈ വര്‍ഷം മെയ് 18ന് സൊമാറ്റോ തനിക്ക് 133.25 രൂപ നല്‍കിയെന്നും ശീതള്‍ കോടതിയെ അറിയിച്ചു. സൊമാറ്റോയുടെ സേവനത്തിലുണ്ടായ പോരായ്​മ പരാതിക്കാരന് വളരെയധികം അസൗകര്യവും മാനസിക സംഘർഷവും ഉണ്ടാക്കിയെന്ന് കമ്മീഷൻ പറഞ്ഞു. ശീതളിനുണ്ടായ അസൗകര്യത്തിനും മാനസിക പീഡനത്തിനും അവര്‍ക്ക് നഷ്ടപരിഹാരമായി 50,000 രൂപയും വ്യവഹാരച്ചെലവായി 10,000 രൂപയും നൽകണമെന്ന് കമ്മീഷൻ പ്രസിഡന്‍റ് ഇഷപ്പ കെ ഭൂട്ടെ സോമാറ്റോയോട് ഉത്തരവിട്ടു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories