ബംഗ്ലാദേശില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പഠനവും പ്രതിസന്ധിയിലായി. 300ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മടങ്ങിയെത്തിയത്. ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 64ലധികം പേരാണ് കൊല്ലപ്പെട്ടത്.
1971 ലെ ബംഗ്‌ളാദേശ് രൂപീകരണത്തിന് ഇടയാക്കിയ യുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം.
ജൂലൈ 15ന് ധാക്ക സര്‍വ്വകലാശാലയില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഇപ്പോള്‍ രാജ്യത്തുടനീളം വ്യാപിച്ചു. പിന്നാലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതോടെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള വിദേശീയരുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായത്. നിലവില്‍ 300ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് പഠനം നിര്‍ത്തി രാജ്യത്തേക്ക് മടങ്ങിയെത്തിയത്.
എംബിബിഎസ്, ബിടെക് തുടങ്ങിയ പ്രഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികാളാണ് മടങ്ങിയെത്തിയവരില്‍ ഭൂരിഭാഗവും. അതേസമയം ബംഗ്ലാദേശിലുള്ള 8500ലധികം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എംബസി നടപടിക്ള്‍ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്‌ളാദേശിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു.
ധാക്ക സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം തുടങ്ങിയപ്പോള്‍ അടിച്ചമര്‍ത്താനായിരുന്നു പൊലീസ് ആദ്യ ഘട്ടത്തില്‍ ശ്രമിച്ചത്. എന്നാല്‍ അന്ന് നടന്ന ഏറ്റുനുട്ടലില്‍ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതോടെ പ്രക്ഷോഭം മറ്റ് സര്‍വകലാശാലകളിലേക്കും വ്യാപിക്കുകയായിരുന്നു.
ഇതിനിടെ പൊലീസിനെതിരെ പ്രക്ഷോപം കടുപ്പിച്ച വിദ്യാര്‍ത്ഥികള്‍ നര്‍സിന്‍ഡിയിലെ ജയിലിന് തീയിടുകയും 100ലധികം തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. സംവരണം പിന്‍വലിക്കണമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്.