ബെംഗളൂരു: ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചിൽ നടക്കുന്നതിനിടെ ട്രക്ക് കണ്ടെത്തിയതായി കർണാടക സർക്കാർ. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു തെരച്ചിൽ. പുഴയിൽ കണ്ടെത്തിയതായാണ് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ഗൌഡ സ്ഥിരീകരിച്ചത്.
ഏത് ട്രക്കെന്ന് വ്യക്തമാക്കിയിട്ടില്ല. നാവികസേന മുങ്ങല്‍വിദഗ്ധര്‍ ഉടന്‍ പുഴയിലിറങ്ങും. നിര്‍ണായക വിവരങ്ങളുമായി മന്ത്രിയുടെ എക്സ് പോസ്റ്റ്. ബൂമര്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കും. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററില്‍ പരിശോധന നടത്തും.
ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.
10 മീറ്ററോളം ഉയരത്തില്‍ ഇവിടെ മണ്ണ് മൂടിയിരുന്നു. പ്രദേശത്ത് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എല്ലാ പ്രതികൂല ഘടകങ്ങളെയും അതിജീവിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ ലോറി കണ്ടെത്തിയിരിക്കുന്നത്.