കൊച്ചി: മലയാള സിനിമാലോകത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി.ഒരാഴ്ചത്തേക്കാണ് ഹൈക്കോടതിയുടെ സ്റ്റേ. ഇന്ന് 3.30 ന് റിപ്പോർട്ട് പുറത്ത് വിടാനിരിക്കെയാണ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ. അതേസമയം എതിർ കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കണമെന്നും വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന് മേലുള്ള നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചലച്ചിത്ര നിർമാതാവ് സജിമോൻ പറയിൽ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നുമാണ് ഹർജിക്കാരന്റെ പ്രധാന വാദം. ഹേമ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെടുന്നവർ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവരല്ലെന്നും പ്രശസ്തിക്ക് വേണ്ടിയാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നതെന്നും ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പറയിൽ ഹൈക്കോടതിയിൽ വാദം ഉന്നയിച്ചു. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഇക്കാര്യങ്ങൾ ഉന്നയിച്ചത്.